വാടാനപ്പള്ളി: പ്രകൃതിക്ക് താങ്ങാനാകുന്നതിൽ കൂടുതൽ ഭാരം കൊടുത്തതിന്റെ ആഘാതമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്ന് കെ.കെ. രമ എംഎൽഎ. തളിക്കുളത്ത് ഹ്യൂമൻ കെയർ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും കിടപ്പുരോഗികൾക്ക് സഹായ ഉപകരണങ്ങൾ വിതരണവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രകൃതിയെ മനസ്സിലാക്കാതെ നമ്മൾ നിർമ്മിതികൾ കെട്ടിപ്പൊക്കുമ്പോൾ വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നു. മുൻ വർഷങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായപ്പോൾ അതിൽനിന്ന് പാഠം പഠിക്കുന്നില്ല.
നമുക്ക് കല്ലും മണ്ണും എടുക്കേണ്ടിവരുന്നത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ പരിധി വിട്ട് അനധികൃതമായി അളവിലും അധികം എടുക്കുന്നത് പ്രകൃതിയെ എന്തുമാത്രം നശിപ്പിക്കുന്നുവെന്ന വീണ്ടുവിചാരം നമുക്ക് ഉണ്ടാകണമെന്നും രമ പറഞ്ഞു.
ആധിയോടെയല്ലാതെ ഇന്ന് വയനാട്ടിലേയ്ക്ക് പോകാനാകുന്നില്ല. ഒരു രാത്രികൊണ്ട് എല്ലാം നശിച്ചുപോയവരെയാണ് അവിടെ കാണുന്നത്.
ഇനിയും മനുഷ്യ ദുരന്തങ്ങൾ ഭൂമുഖത്ത് ഉണ്ടാവരുത്. എല്ലാ മനുഷ്യരേയും സ്നേഹിക്കുന്ന ഒരു ചുറ്റുപാടിനെ വാർത്തെടുക്കാനും ആശ്രയമില്ലാത്തവർക്ക് കൈത്താങ്ങാവാനും കഴിയണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ഹ്യൂമൻ കെയർ പ്രസിഡന്റ് നീന സുഭാഷ് അധ്യക്ഷത വഹിച്ചു. തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എൽ. സന്തോഷ്, ഗ്രാമ പഞ്ചായത്തംഗം വിനയം പ്രസാദ്, സി.ആർ. മുരളി, കെ.എസ്. ബിനോജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി നീന സുഭാഷ് ( പ്രസിഡന്റ്), എ.ജി. സുരേഷ് ( സെക്രട്ടറി), പി.ബി. രഘുനാഥൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.