അന്തിക്കാട്: മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി ഇത്തവണത്തെ നബിദിന ആഘോഷ പരിപാടികൾ ഉപേക്ഷിച്ചു. വയനാട് ദുരന്തത്തിൻ്റെ സാഹചര്യത്തിൽ മഹല്ലിൽ നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന റാലിയും മെഗാദഫ് ഉൾപ്പടെയുള്ള ആഘോഷ പരിപാടികളുമാണ് ഇത്തവണ വേണ്ടെന്ന് വെച്ചത്. എന്നാൽ മൗലീദ് പാരായണവും പ്രാർത്ഥന ചടങ്ങുകളും മാത്രം നടത്തും.
ആഘോഷത്തിന് വേണ്ടി സമാഹരിക്കുന്ന തുക വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി നൽകും. കഴിഞ്ഞ ദിവസം മുറ്റിച്ചൂർ സുബുലുൽ ഹുദ മദ്രസ്സയിൽ ചേർന്ന മഹല്ല് കമ്മിറ്റിയുടെയും നബിദിനാഘോഷ സംഘാടക സമിതിയുടെയും സംയുക്ത യോഗമാണ് ഇത്തരത്തിൽ തീരുമാനം കൈ കൊണ്ടതെന്ന് മഹല്ല് സെക്രട്ടറി ടി.കെ. മൺസൂർ, സത്താർ പുളിന്തറ പറമ്പിൽ നബിദിനാഘോഷകമ്മിറ്റി ചെയർമാൻ ഹബീബുള്ള മുറ്റിച്ചൂർ, കോ -ഓഡിനേറ്റർ ഉമ്മർ കാരണപറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.