അരിമ്പൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കോൾ-കർഷക സമിതികളുടെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. വ്യക്തികളും ഗ്രൂപ്പുകളും അടക്കം 30 പേർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കർഷക ദിനത്തിലെ മറ്റു ആഘോഷങ്ങൾ ഒഴിവാക്കി മാറ്റിവച്ച 25,000 രൂപ ചടങ്ങിൽ എംഎൽഎ ക്ക് കൈമാറി. പടവ് കമ്മറ്റികളും ക്ഷീര സംഘവും വ്യക്തികളും അരിമ്പൂർ ഗവ. യു.പി. സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിനി ഗൗരിയും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. കൃഷി ഓഫീസർ സ്വാതി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, സംയുക്ത പാടശേഖര സമിതി സെക്രട്ടറി കെ.കെ. അശോകൻ, വാർഡംഗങ്ങളായ സി.പി. പോൾ, ഷിമി ഗോപി, രാഗേഷ്, ജില്ലി വിൽസൺ, നീതു ഷിജു, സുനിത, സുധ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.