തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി. ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഒരുകൂട്ടം ഹർജികളിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് തിരുത്താൻ സിംഗിൾ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരേ മുംബൈ ആസ്ഥാനമായുളള ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്ബനീസ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്ബനികൾ ധനസ്ഥാപനങ്ങളിൽനിന്ന് പുതുക്കിയ വിവരം സമാഹരിക്കേണ്ടതാണ്. ധനസ്ഥാപനങ്ങൾ വായ്പയുടെ വിവരങ്ങൾ നൽകണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കണമെന്നും നിയമത്തിൽ പറയുന്നു.