തൃശൂർ: യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തുണ്ടായിരുന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന് സന്ദീപാണ് (36) മരിച്ചത്. സംഭവത്തില്‍ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയിലെ മലയാളി സംഘടനകള്‍ അറിയിച്ചു. സന്ദീപ് അടങ്ങുന്ന 12 അംഗ റഷ്യൻ പട്രോളിങ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ചാലക്കുടിയിലെ ഏജന്‍സി വഴി ഏപ്രില്‍ രണ്ടിനാണ് സന്ദീപും മറ്റു ഏഴ് മലയാളികളും റഷ്യയിലേക്ക് പോയത്. മോസ്കോയില്‍ റസ്റ്റാറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് നാട്ടിലേക്ക് വിളിച്ചപ്പോൾ റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. അവസാനമായി വിളിച്ചപ്പോൾ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. റഷ്യൻ പൗരത്വം സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈന്യത്തിൽ ചേർന്നതാണെന്നും പറയപ്പെടുന്നുണ്ട്. റഷ്യയിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നാണ് വീട്ടുകാർ മരണ വിവരം അറിയുന്നത്.