തളിക്കുളം: പെരുന്നാൾ സമ്മാനമായി ലഭിച്ച സ്നേഹഭവനത്തിൽ താമസമാക്കിയതിന്റെ സന്തോഷം വിട്ടുമാറും മുമ്പേ ബഷീർ യാത്രയായി. തളിക്കുളം നേതാജി നഗറിൽ താമസിക്കുന്ന അമ്പലത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ ബഷീറാണ് (53) ഞായറാഴ്ച രാവിലെ മരിച്ചത്. സ്വന്തമായി സ്ഥലവും വീടും ഉണ്ടായിരുന്ന ബഷീർ വിദേശത്ത് ഉള്ളപ്പോഴാണ് അർബുദം ബാധിച്ചത്. ഉമ്മക്കും അർബുദം ബാധിച്ചിരുന്നു. ചികിത്സക്കായി സ്ഥലവും വീടും വിൽക്കേണ്ടി വന്നു. രോഗംമൂലം ബഷീറിന് ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിയുംവന്നു. വീട് നഷ്ടപ്പെട്ടതോടെ കുടുംബം വിഷമത്തിലായി. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ സ്കൈലൈൻ ഗ്രൂപ് സ്നേഹസ്പർശം ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ച് കഴിഞ്ഞ ജൂൺ 19ന് വീട് നിർമിച്ചു നൽകിയിരുന്നു. വീട്ടിൽ രണ്ടു മാസമായി കുടുംബാംഗങ്ങളുമായി സന്തോഷത്തിൽ കഴിയവേയാണ് മരണം. നബീസയാണ് മാതാവ്. ഭാര്യ: സൽബു. മക്കൾ: അജ്മൽ, മിദ്ലാജ്.
previous post
next post