തൃശൂര്‍: തൃശൂരിൽ പുലികളി നടത്താന്‍ തടസ്സമില്ലെന്നും കഴിഞ്ഞ വര്‍ഷം അനുവദിച്ച സഹായധനം അനുവദിക്കാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ്. വയനാട് ദുരന്തപശ്ചാത്തലത്തിൽ ഇത്തവണ പുലികളി നടത്തേണ്ടതില്ല എന്ന കോര്പറേഷൻ തീരുമാനത്തിനെതിരെ പുലികളി സംഘങ്ങള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതോടെയാണ് മന്ത്രി എം.ബി. രാജേഷ് പുലികളി നടത്താൻ കോർപറേഷന് നിർദേശം നൽകിയത്. ഓണാഘോഷം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനായി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുലികളി സംഘങ്ങള്‍ മേയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നിലവില്‍ സംഘാടക സമിതി രൂപവത്കരിക്കുകയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഒട്ടേറെ മുന്നൊരുക്കം നടത്തിയത് കാരണം മുഴുവന്‍ സംഘങ്ങളും വന്‍ സാമ്പത്തിക ബാധ്യതയിലാണ്. സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കാമെന്ന് മേയര്‍ അറിയിച്ചെങ്കിലും ഇതുവരെ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാറിനെ സമീപിച്ചത്. ജില്ലയിലെ മന്ത്രിമാരായ ആര്. ബിന്ദു, കെ. രാജന്, പി. ബാലചന്ദ്രന് എം.എല്‍.എ എന്നിവർ വിഷയത്തിൽ ഇടപെട്ടിരുന്നു. യുവജന സംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, ശക്തന് പുലികളി സംഘം, സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, പാട്ടുരായ്ക്കല്‍ ദേശം കലാകായിക സാംസ്കാരിക സമിതി, അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതി എന്നീ സംഘങ്ങളാണ് ഇത്തവണ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.