കൊടുങ്ങല്ലൂർ: ശക്തമായ കാറ്റിനും മഴയ്ക്കുമിടയിൽ അഴീക്കോട് നിന്നും മത്സ്യ ബന്ധനത്തിന് പോയ വള്ളങ്ങൾ കാണാതായി. ചൊവ്വാഴ്ച്ച രാത്രിയിൽ മത്സ്യബന്ധനത്തിനിറങ്ങിയ മൂന്ന് ഫൈബർ വള്ളങ്ങളാണ് കാണാതായത്. അഴീക്കോട് തീരദേശ പൊലീസിൻ്റെ പട്രോളിംഗ് ബോട്ടും, ഫിഷറീസ് റെസ്ക്യുബോട്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വള്ളങ്ങൾ കാണാതായതായാണ് ആദ്യം അറിയിപ്പുണ്ടായത്. എന്നാൽ ഇവയിൽ ആറ് വള്ളങ്ങൾ പിന്നീട് കരയിലെത്തി. നാല് തൊഴിലാളികൾ കയറുന്ന ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങളാണ് കാണാതായത്. ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.