അരിമ്പൂർ: പോത്ത് കുട്ടികളുടെ ചെവിയിൽ കമ്പി ഇട്ടു കുത്തിയും ദേഹത്ത് പൊള്ളിച്ചും ക്രൂരത. ഒരാഴ്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത് 6 കിടാരികൾ. വെളുത്തൂർ തച്ചംപിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന നാല് പോത്ത് കുട്ടികൾക്ക് നേരെയാണ് അക്രമം നടന്നതായി ചൊവ്വാഴ്ച കണ്ടെത്തിയത്. കുന്നത്തങ്ങാടി സേവന റോഡിൽ ചിറമ്മൽ ഷാജന്റേതാണ് ആക്രമിക്കപ്പെട്ട നാല് പോത്ത് കുട്ടികൾ. തിങ്കളാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് കരുതുന്നു. രാവിലെ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് സംഭവം കണ്ടതെന്ന് ഷാജൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തച്ചംപിള്ളി സ്വദേശി റെനീഷിന്റെ രണ്ട് പോത്തു കുട്ടികളെ പൊള്ളിച്ച നിലയിൽ കാണപ്പെട്ടത്. തച്ചംപ്പിള്ളി കുളത്തിനടുത്ത് ഇവയെ കെട്ടിയിട്ടുണ്ടായിരുന്നു. പോലീസിൽ പരാതി നൽകി.