വാടാനപ്പള്ളി: ആറ് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാല് കൗമാരക്കാരെ വാടാനപ്പള്ളി പോലീസ് പിടികൂടി. സ്‌കൂട്ടറുകളും ബൈക്കുകളുമാണിവര്‍ കവര്‍ന്നത്. നാല് വാഹനങ്ങള്‍ വാടാനപ്പള്ളി പോലീസും രണ്ട് വാഹനങ്ങള്‍ അന്തിക്കാട് പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടാനപ്പള്ളി ബീച്ചില്‍ നിന്നും തൃത്തല്ലൂരില്‍ നിന്നും മോഷണം പോയ വാഹനങ്ങള്‍ക്കായുള്ള അന്വേഷണത്തിനിടയിലാണ് മറ്റ് മോഷണങ്ങളും തെളിഞ്ഞത്. താക്കോല്‍ വാഹനത്തില്‍ തന്നെ വെച്ച് ഉടമസ്ഥര്‍ പോകുമ്പോഴായിരുന്നു മോഷണങ്ങളെന്ന് പോലീസ് പറഞ്ഞു.
വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചും സ്റ്റിക്കറുകള്‍ ഒട്ടിച്ചും വാഹനങ്ങള്‍ മോഷ്ടാക്കള്‍ തന്നെ ഉപയോഗിക്കുക യായിരുന്നുവെന്നും പോലീസ് പറഞ്ഞു. താന്ന്യത്ത് നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വാടാനപ്പള്ളി സ്റ്റേഷന്‍ പരിധിയിലെ രണ്ടും തൃശ്ശൂര്‍ ഈസ്റ്റ്, പാവറട്ടി, വലപ്പാട്, ചേര്‍പ്പ് സ്റ്റേഷന്‍ പരിധികളിലെ ഓരോ മോഷണവുമാണ് തെളിഞ്ഞത്. കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ ഇവര്‍ കവര്‍ന്നിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. വാടാനപ്പള്ളി എസ്.എച്ച്.ഒ. ബി.എസ്. ബിനു, എസ്ഐമാരായ കെ.ജി. സജില്‍, ഷാഫി യൂസഫ്, സദാശിവന്‍, റഫീഖ്,. സീനിയര്‍ സി.പി.ഒ. അരുണ്‍, സിപിഒമാരായ പ്രദീപ്കുമാര്‍, വിനീത്, അക്ഷയ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്.