അരിമ്പൂർ: കാട് പിടിച്ച് കിടന്നിരുന്ന സ്ഥലത്ത് അരിമ്പൂർ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ പി.എം ഷെഫീക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്മിത അജയകുമാർ അധ്യക്ഷയായി. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പത്ത് സെൻ്റ് സ്ഥലത്താണ് രണ്ടു മാസത്തോളം മുൻപ് ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കൾക്കായി തൈകൾ നടുന്നത്. ഒഴിവു സമയങ്ങളിൽ പഞ്ചായത്തിലെ ജോലിക്കാരും ജനപ്രതിനിധികളും പറമ്പ് വൃത്തിയാക്കി തൈകൾ നട്ടു നനച്ചാണ് പരിപാലിച്ചത്.
ചെണ്ടുമല്ലി തൈകൾ നടാനുള്ള തടമെടുക്കലും മണ്ണിട്ട് ഉറപ്പിക്കലും എല്ലാവരും ചേർന്ന് നടത്തി. 7500 കിലോ പൂക്കളാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ ഇവിടെ നിന്നുള്ള പൂക്കൾ ആവശ്യക്കാർക്ക് നൽകി തുടങ്ങും. പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, കൃഷി ഓഫീസർ സ്വാതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി.