തിരുവനന്തപുരം: ബിജെപി ബാന്ധവ വിവാദത്തിന്‍റെ പേരില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനെതിരേ ഉണ്ടായത് പാര്‍ട്ടി അച്ചടക്ക നടപടി. ഇ.പിയെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി.രാമകൃഷ്ണനാണ് പകരം ചുമതല. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരിലെ വീട്ടിലെത്തിയ ഇ.പി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
നേരത്തേ ഇ.പി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പിന്നീടാണ് പാർട്ടി അച്ചടക്ക നടപടിയാണെന്ന കാര്യം വ്യക്തമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.പി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ.പിയുടെ പരസ്യപ്രതികരണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരായ നടപടി.