അരിമ്പൂർ: തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ ഉദയ നഗർ റോഡിന് സമീപം റോഡിൽ വാഹനമിടിച്ച് കിടന്നിരുന്ന മയിലിനെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. ഇതുവഴി ബൈക്കിൽ വന്ന വാടാനപ്പിള്ളി സ്വദേശികളായ രണ്ടു യുവാക്കളാണ് മയിൽ റോഡിൽ കിടന്ന് പിടയുന്നത് കണ്ടത്. ഉടനെ മയിലിനെ താങ്ങിയെടുത്ത് എറവ് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പ്രഥമ ശുശ്രൂക്ഷ നൽകിയെങ്കിലും മയിലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മയിലിൻ്റെ ജഡം ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.