അന്തിക്കാട്: വിദ്യാർത്ഥികളിൽ ദാനശീലം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി അന്തിക്കാട് കെ.ജി.എം. എൽപി സ്കൂളിൽ “സഹപാഠിക്കൊരു കൈത്താങ്ങ് ” പദ്ധതി ആരംഭിച്ചു. പണം സ്വരൂപിക്കാനായി വിദ്യാർത്ഥികൾക്ക് നൽകുന്ന “നന്മച്ചെപ്പ് ” ജീവകാരുണ്യ പ്രവർത്തകൻ ശ്രീമുരുകൻ അന്തിക്കാട് കൈമാറി. പി.ടി.എ. പ്രസിഡൻ്റ് അഖില രാഗേഷ് അധ്യക്ഷയായി. സ്കൂളിലെ 600 ൽപ്പരം വരുന്ന കുട്ടികൾക്കാണ് പണം സ്വരുക്കൂട്ടാനായി കാശ് കുടുക്കകൾ നൽകിയത്. വിദ്യാലയത്തിലെ കുട്ടികൾക്കും കുടുംബത്തിനും ആകസ്മികമായി ഉണ്ടാകുന്ന ദുരിത ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ ഇങ്ങനെ ശേഖരിക്കുന്ന പണം ഉപയോഗിച്ച് കൈത്താങ്ങാകുകയാണ് ലക്ഷ്യം. വീടുകളിൽ കാശ് കുടുക്കയിൽ നിക്ഷേപിക്കുന്ന പണം അധ്യയന വർഷത്തിൻ്റെ അവസാനം സ്കൂളിലെത്തിച്ച് ആവശ്യാനുസരണം ഉപയോഗിക്കും.
രക്ഷിതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ വെച്ച് പിതാവ് മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിനായും കിഡ്നിക്ക് സർജറി സംബന്ധമായ ആവശ്യത്തിനായി മറ്റൊരു കുട്ടിയുടെ മാതാവിനും സഹായധനം കൈമാറി. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ, എംപിടിഎ പ്രസിഡൻ്റ് അജീഷ, പിടിഎ വൈസ് പ്രസിഡൻ്റ് അന്തിക്കാട് സതീശൻ, ലിയോ, ഉണ്ണികൃഷ്ണൻ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.