വള്ളി വട്ടം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ വലപ്പാട് സി.പി.ട്രസ്റ്റ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ നടന്ന ഓണാഘോഷം നടൻ ദിലീപ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരില്ലെന്നും, പ്രതിസന്ധികളെ പ്രചോദനമാക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുകയെന്നും ദിലീപ് പറഞ്ഞു. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി.ബി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ എന്നിവർ മുഖ്യാതിഥികളായി. ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, ഷൈജു കാനാടി, സി.പി.ട്രസ്റ്റ് പ്രതിനിധികളായ ഷെമീർ എളേടത്ത്, ഹിലാൽ കുരിക്കൾ, ടി.എം. നിസാബ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വീൽചെയറിൽ കഴിയുന്ന നൂറോളം പേരും കുടുംബാംഗങ്ങളുമാണ് ഒരു പകൽ നീണ്ട ഓണാഘോഷത്തിൽ പങ്കെടുത്തത്.
പാട്ടും, കളികളും ഉൾപ്പെടെ വീൽചെയറിൽ ഇരിക്കുന്നവരുടെ വടംവലിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഓണ സദ്യയും ഉണ്ടായിരുന്നു. സജി അപർണ, താജുദ്ധീൻ, പി.കെ. ധർമ്മരാജ് തുടങ്ങിയവർ നേതൃത്വം നൽകി.