അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിന് കിഴക്കുള്ള വാമനമൂർത്തി ക്ഷേത്രം റോഡ് വെള്ളം നിറഞ്ഞ് ചളിക്കുണ്ടായതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. കല്ലിടവഴിയിലേക്ക് പോകുന്ന ലിങ്ക് റോഡ് കൂടിയാണിത്. പടിഞ്ഞാറുഭാഗത്തുനിന്നും ഏകദേശം 100 മീറ്ററോളം ദൂരത്തിൽ ജില്ല പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയോളം ചെലവഴിച്ച് റോഡ് ഉയർത്തി ടൈൽസ് വിരിച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നുവെങ്കിലും തുടർന്നുള്ള 220 മീറ്റർ ദൂരത്തിലുള്ള റോഡ് നന്നാക്കാത്തതിനാൽ മഴയിൽ ചളിയും വെള്ളവും നിറഞ്ഞ അവസ്ഥയിലാണ്.
നിരവധി കാൽനട യാത്രക്കാരും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റും പോകുന്ന റോഡാണിത്. ഈ റോഡ് ക്ഷേത്രത്തിലേക്കും സമീപത്തെ ലക്ഷംവീട് കേന്ദ്രങ്ങളിലേക്കും അന്തിക്കാട് പഞ്ചായത്ത് ഗ്രൗണ്ടിലേക്കും പോകാൻ ഈ റോഡ് തന്നെയാണ് മാർഗം. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നതാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അതേസമയം, റോഡ് സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു.