ഇരിങ്ങാലക്കുട: നിക്ഷേപിച്ച തുക തിരിച്ചുകിട്ടാൻ കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധം. ഇതേ വിഷയം ഉന്നയിച്ച് ഒറ്റയാൾ സമരമടക്കം നിരവധി പ്രതിഷേധങ്ങൾ നടത്തിയ മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷിയാണ് (54) തന്റെ ബന്ധുക്കളുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തുക മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ബാങ്കിനു മുന്നിലെത്തിയത്. മേൽവസ്ത്രം ഉരിഞ്ഞ് ബാങ്ക് കെട്ടിടത്തിലേക്ക് എറിഞ്ഞായിരുന്നു പ്രതിഷേധം.
ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെയും പേരുകളിലായി 60 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നും പണം ചോദിക്കുമ്പോൾ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സ്വീകരിക്കുന്നതെന്നും ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് 13 കത്ത് അയച്ചതാണ്. എം.എൽ.എക്കും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. തന്റെ പേരിലുള്ള നിക്ഷേപം തിരിച്ചുതന്ന ഘട്ടത്തിൽ ബന്ധുക്കളുടെ പേരിലുള്ള നിക്ഷേപം മൂന്നു മാസത്തിനകം തരാമെന്നായിരുന്നു ഉറപ്പെന്ന് ജോഷി പറഞ്ഞു.അതേസമയം, ബാങ്കിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണ് തുക തിരിച്ചുനൽകുന്നതെന്നും മേയിൽ അഞ്ചേകാൽ ലക്ഷം രൂപ ബന്ധുക്കൾക്ക് നൽകാമെന്നു പറഞ്ഞപ്പോൾ സ്വീകരിച്ചില്ലെന്നും എല്ലാ നിക്ഷേപകർക്കും തുല്യ പരിഗണനയാണ് നൽകുന്നതെന്നും ബാങ്ക് സിഇഒ കെ.ആർ. രാജേഷ്, കമ്മിറ്റി അംഗങ്ങളായ എ.എം. ശ്രീകാന്ത്, പി.പി. മോഹൻദാസ് എന്നിവർ വിശദീകരിച്ചു. 270 കോടി രൂപയാണ് നിക്ഷേപകർക്ക് മടക്കിനൽകാനുള്ളത്. 382 കോടി രൂപ ലഭിക്കാനുണ്ട്. 109 കോടി രൂപ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വന്നശേഷം തിരിച്ചുപിടിച്ചു. 130 കോടി രൂപ നിക്ഷേപകർക്ക് കൊടുത്തുകഴിഞ്ഞതായും അവർ അറിയിച്ചു.