പറവൂർ: മതിലകം പഞ്ചായത്തിന്റെ വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു. ദേശീയപാത 66ൽ തുരുത്തിപ്പുറം പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് 3.45നായിരുന്നു അപകടം. പ്രസിഡന്റും ഡ്രൈവറുമാണ് പഞ്ചായത്തിന്റെ വാഹനത്തിലുണ്ടായിരുന്നത്. കാക്കനാടുള്ള ദേശീയപാത അതോറിറ്റിയുടെ ഓഫിസിൽ പോകുകയായിരുന്നു ഇവർ. എതിർദിശയിൽ എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. രണ്ടുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ തലക്ക് പരിക്കേറ്റു.