News One Thrissur
Updates

എളവള്ളി പഞ്ചായത്തിലെ മണച്ചാലിൽ 64 ഏക്കർ കൃത്രിമ തടാകം: നടപടി ത്വരിതഗതിയിലാക്കാൻ മന്ത്രിയുടെ നിർദ്ദേശം

ചിറ്റാട്ടുകര: എളവള്ളി ഗ്രാമ പഞ്ചായത്തിൽ മണച്ചാൽ പ്രദേശത്ത് കളിമൺ ഖനനം നടത്തി വലിയ ഗർത്തങ്ങൾ സൃഷ്ടിച്ച 64 ഏക്കർ ഭൂമി കൃത്രിമ തടാകം സൃഷ്ടിക്കുനതിൻ്റെ നടപടി ത്വരിതഗതിയിലാക്കാൻ മന്ത്രി.എം.ബി.രാജേഷ് തൃശ്ശൂർ എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.   കിടപ്പുരോഗികൾക്ക് മല-മൂത്ര വിസർജനത്തിന് ഉപയോഗിക്കുന്ന ഡയപ്പറുകൾ നശിപ്പിക്കാൻ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ച ഡയപ്പർ ഡിസ്ട്രോയറിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന് എത്തിയതായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് സ്വാഗത പ്രസംഗത്തിൽ കൃത്രിമ തടാകത്തിൻ്റെ സവിശേഷതകൾ വർണ്ണിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. എളവള്ളി വാതക ശ്മശാനത്തോട് ചേർന്ന് കുളവെട്ടിമരങ്ങൾ വെച്ച് പിടിപ്പിച്ചത് ശ്രദ്ധയിൽ പെട്ടതോടെ മറ്റു ഗ്രാമ പഞ്ചായത്തുകളിൽ കൂടി കുളവെട്ടിമരങ്ങൾ വെച്ചുപിടിപ്പിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-24 സാമ്പത്തിക വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൽ നിന്നും 14 ലക്ഷം രൂപ വകയിരുത്തിയാണ് കേരളത്തിൽ ആദ്യമായി എളവള്ളി ഗ്രാമപഞ്ചായത്ത് ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ചത്. പുഴയ്ക്കൽ ഗാല കോപ്ലക്സിലെ 4 ആർ ടെക്നോളജീസ് ഉടമ ടി.വി.വിദ്യാരാജൻ്റെ നേതൃത്വത്തിൽ റെയ്ഡ്കോയാണ് ഡയപ്പർ ഡിസ്ടോയർ ഡിസൈൻ ചെയ്തത്. എളവള്ളി ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനത്തോട് ചേർന്ന് സ്ഥാപിച്ചത് മൂലം 30 മീറ്റർ ഉയരമുള്ള ചിമ്മിനി വേറെ നിർമ്മിക്കേണ്ടതായി വന്നില്ല.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിപൂർണ്ണ അംഗീകാരം നേടിയാണ് ഡിസ്ട്രോയർ സ്ഥാപിച്ചത്. 60ഡയപ്പറുകൾ 45 മിനിറ്റ് കൊണ്ട് കത്തിക്കാവുന്ന രീതിയിലാണ് ഡയപ്പർ ഡിസ്ട്രോയർ ഒരുക്കിയിട്ടുള്ളത്. ആദ്യ ചേമ്പറിൽ ഡയപ്പറുകൾ നിക്ഷേപിച്ച് 850 ഡിഗ്രി സെൻറീഗ്രേഡിൽ വ്യവസായിക അടിസ്ഥാനത്തിലുള്ള സ്വയം നിയന്ത്രിത എൽ.പി.ജി. ബർണറുകൾ ഉപയോഗിച്ച് കത്തിക്കും. 1100 ഡിഗ്രി സെൻ്റീഗ്രേഡിലാണ് രണ്ടാമത്തെ ചേമ്പറിന്റെ ഉൾഭാഗത്തെ പ്രവർത്തന സമയത്തെ താപനില. ഒന്നാമത്തെ ചേമ്പറിലെ പ്രവർത്തനസമയത്ത് ഉണ്ടാകുന്ന ക്ലോറിൻ,ഫ്ലൂറിൻ,സൾഫർ ഡൈ ഓക്സൈഡ്,നൈട്രജൻ എന്നിവ ഡയോക്സിനുകളായി മാറാതെ രണ്ടാമത്തെ ചേമ്പറിൽ വെച്ച് കത്തുന്നു.രണ്ടാമത്തെ ചേമ്പറിൽ നിന്നും ബഹിർഗമിക്കുന്ന വാതകങ്ങളിലെ പൊടിപടലങ്ങൾ സൈക്ലോണിക് സെപ്പറേറ്ററിൽ ശേഖരിക്കുന്നു. പിന്നീട് വാട്ടർ സ്ക്രബ്ബിങ്ങ് യൂണിറ്റിലേക്ക് കടത്തിവിടുന്ന പുകയിൽ വളരെ ഭാരം കുറഞ്ഞതും നനുത്തതുമായ പൊടിപടലങ്ങൾ, ബഹിർഗമനവാതകത്തിലെ സൾഫർ ഡൈ ഓക്സൈഡ് എന്നിവ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. വാട്ടർ സ്ക്രബ്ബിങ്ങ് യൂണിറ്റിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുന്നതിനായി സെറ്റിൽമെൻ്റ് സംഭരണിയിലേക്കും സോക്ക്പിറ്റിലേക്കും കടത്തിവിടും. അന്തരീക്ഷ ഊഷ്മാവിൽ ഉള്ള പുക 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴി ബ്ലോവറിന്റെ സഹായത്തോടെ പുറന്തള്ളും. യൂണിറ്റിലെ ബർണറുകൾ കത്തുന്നതിന് ഗ്യാസിന്റെ ഒഴുക്ക് ഒരേ മർദ്ദത്തിൽ ലഭ്യമാക്കുന്നതിന് നാല് ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മ സേന വഴി നിശ്ചിത കളക്ഷൻ പോയിന്റുകളിൽ നിന്നും മാലിനും ശേഖരിക്കുന്നതിനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഡയപ്പർ ഡിസ്ട്രോയിൽ നിന്നും ലഭിക്കുന്ന ചാരം അമ്പലമേടുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാനാണ് ധാരണയായിട്ടുള്ളത്. മണലൂർ എം.എൽ.എ മുരളി പെരുനെല്ലി അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ,എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, തൃശ്ശൂർ എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്ടർ പി.എം. ഷെഫീക്ക്,എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ധിഖ്,ശുചിത്വമിഷൻ തൃശ്ശൂർ ജില്ലാ കോ- ഓർഡിനേറ്റർ കെ.കെ. മനോജ്, മുല്ലശ്ശേരി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ധന്യ രവി,മുല്ലശ്ശേരി ബി.ഡി.ഒ. സി.എം. അനീഷ്,എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, സനിൽ കുന്നത്തുള്ളി എന്നിവർ പ്രസംഗിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

സ്വകാര്യ ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെനൽകി ബസ്സ് കണ്ടക്ടർ മാതൃകയായി. 

Sudheer K

ചെറു വള്ളക്കാർക്ക് ചെമ്മീൻ കൊയത്ത്: പൊന്നുംവിലയുള്ള പൂവാലൻ ചെമ്മീൻ വിറ്റഴിച്ചത് കിലോക്ക് നൂറു രൂപ നിരക്കിൽ.

Sudheer K

Leave a Comment

error: Content is protected !!