അന്തിക്കാട്: തെരുവുനായയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. നല്ല മൂർച്ചയുള്ള കത്തിയോ വാളോ ഉപയോഗിച്ച് പിരടിയിൽ വെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിരടിയുടെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അന്തിക്കാട് കല്ലിട വഴിയിലെ റേഷൻ കടയ്ക്ക് സമീപം കഴിഞ്ഞിരുന്ന തെരുവുനായ്ക്കാണ് വെട്ടേറ്റത്. എല്ലാ ദിവസവും രാത്രിയിൽ ഭക്ഷണം നൽകുന്ന പീച്ചേടത്ത് അശോകൻ വെള്ളിയാഴ്ച രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നായയെ എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിൽ അവശനായും രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് രണ്ട് ചെവികളിലും കുത്തി മുറിവേൽപ്പിച്ചിട്ടുമുണ്ട്. ചികിത്സ നൽകുന്നതിനായി തൃശ്ശൂർ കൊക്കാലയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അശോകൻ. തെരുവ് നായയെ വെട്ടി പരിക്കേൽപ്പിച്ച സാമൂഹിക വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അശോകൻ ആവശ്യപ്പെട്ടു.