തളിക്കുളം: റോഡരികിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന ‘ഹരിതാഭം പാതയോരം’ പദ്ധതിക്ക് തളിക്കുളം ഗവ. ഹൈസ്കൂളിൽ തുടക്കം. ദേശീയപാത 66ൽ ഇടശ്ശേരി മുതൽ പത്താം കല്ല് വരെ ഹൈവേ അധികൃതർ ദേശീയപാത വികസന ഭാഗമായി അടുത്തിടെ വെട്ടിമാറ്റിയ 80ലേറെ വർഷം പഴക്കമുള്ള മരോട്ടി, ഗുൽമോഹർ, വാക തുടങ്ങിയ വൻമരങ്ങൾക്ക് പകരമാണ് സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ മരോട്ടി, ഉങ്ങ്, പേരാൽ, ബദാം തുടങ്ങിയ ഇനങ്ങളിൽപ്പെട്ട 30 വൃക്ഷത്തൈകൾ ഓസോൺ വാരാചരണ ത്തോടനുബന്ധിച്ച് മുളപ്പിച്ച് തൈകളാക്കി വെച്ചു പിടിപ്പിച്ചത്.
ഈ തൈകൾ തളിക്കുളം ഗവ. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഇടശ്ശേരി മുതൽ കച്ചേരിപ്പടി വരെയുള്ള ദേശീയപാതയോരത്ത് നട്ടു. പദ്ധതി ഉദ്ഘാടനം പത്താം കല്ല് ബസ് സ്റ്റോപ്പിൽ മരോട്ടി, ബദാം തൈകൾ നട്ട് പി.ടി.എ പ്രസിഡന്‍റ് പ്രിൻസ് മദൻ നിർവഹിച്ചു. പ്രധാനധ്യാപിക എ. അബ്സത്ത് അധ്യക്ഷത വഹിച്ചു. ഇക്കോ ക്ലബ് കോഓഡിനേറ്റർ കെ.എൽ. മനോഹിത് പദ്ധതി വിശദീകരിച്ചു. ക്ലബ് അംഗങ്ങളായ പി.എം. റാം മനോഹർ, ടി.വി. ആരോമൽ, ടി.എസ്. ആദിത്യൻ, എം.എസ്. ആരുഷ്, കെ.എസ്. അലൻ, ടി.എസ്. സൂരജ് എന്നിവർ നേതൃത്വം നൽകി. ഒരു മരം മുറിക്കണമെങ്കിൽ 10 ത്തൈകൾ നട്ടുപിടിപ്പിക്കണമെന്നാണ് വനംവകുപ്പിന്‍റെ നിർദ്ദേശമെന്നും ദേശീയപാത അധികൃതർ അത് നിർവഹിക്കാത്തതിൽ ഇക്കോ ക്ലബ് അംഗങ്ങൾ പ്രതിഷേധിച്ചു.bആഗോളതാപനം മരമാണ് മറുപടി, മരം ഒരു വരം തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി ബോധവത്കരണ യാത്രയും നടത്തിയാണ് കുട്ടികളും അധ്യാപകരും തിരിച്ചു പോയത്.