News One Thrissur
Updates

സിവില്‍ ഡിഫന്‍സ് ഫോഴ്സില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കും: മുഖ്യമന്ത്രി 

തൃശൂർ: അപകട രക്ഷാപ്രതിരോധ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്‌നിരക്ഷാ വകുപ്പിന് കീഴില്‍ ആരംഭിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച 295 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍, 20 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാര്‍ ഉള്‍പ്പെടെ 315 പരിശീലനാര്‍ത്ഥികളുടെ സംയുക്ത പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമേഖലകളില്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 6200 പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി സേവന സജ്ജരാക്കി. ഇവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 1000 പേര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കുന്നത് ആലോചനയിലാണ്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3300 പേര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിവരുന്നു. ഇവ പൂര്‍ത്തിയാകുന്നതോടെ അഗ്‌നിരക്ഷാ സേനയ്ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ കഴിയുന്ന 10000 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം. ഇവര്‍ക്കായി ഗം ബൂട്ട്, ഹെല്‍മെറ്റ് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങളും, ആംബുലന്‍സ്, എം ഇ വി വാഹനങ്ങളും, ആശയ വിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാഹസിക രക്ഷാപ്രവര്‍ത്തനത്തിനായി വകുപ്പിന്റെ കീഴില്‍ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. 30 പേര്‍ അടങ്ങുന്ന പ്രത്യേക ദൗത്യസേനയും ജലാശയ അപകടങ്ങളില്‍ നിന്നും ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സ്‌കൂബാ ടീമും സജ്ജമാണ്. പൊതുസമൂ ഹത്തിന്റെ രക്ഷാസേന എന്ന ഉത്തരവാദിത്വ ബോധ്യത്തോ ടെയാകണം സേനാംഗങ്ങള്‍ തങ്ങളുടെ അറിവുകള്‍ പ്രയോഗിക്കേണ്ടത്. കേവലം തീ അണയ്ക്കുന്ന സേന എന്ന വിശേഷണത്തില്‍ നിന്നും ഏത് ദുരന്തഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി അഗ്‌നിരക്ഷാ വകുപ്പ് മാറി. പ്രളയം, ഉരുള്‍പൊട്ടല്‍ മാത്രമല്ല പകര്‍ച്ചവ്യാധി നിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കാലാനുസൃതമായി അഗ്‌നിരക്ഷാസേനയെ ശാക്തീകരിക്കുന്നതിനും ആധുനികരിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി കൂടുതല്‍ അപകട സാധ്യത മേഖലകളില്‍ ഉപയോഗിക്കുന്നതിന് റോബോട്ടിക്ക് ഫയര്‍ ഫൈറ്റിങ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി അഗ്‌നിരക്ഷാസേനയില്‍ വനിതകളെ റിക്രൂട്ട് ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ആദ്യ പടിയായി 100 തസ്തികകള്‍ സൃഷ്ടിച്ചു. ഇതിലേക്ക് 82 വനിതാ ഓഫീസര്‍മാരാണ് എത്തിയത്. അഗ്‌നിരക്ഷാസേനയില്‍ ലിംഗ സമത്വം ഉറപ്പാക്കാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയര്‍ ഫൈറ്റിംഗ്, വാട്ടര്‍ റെസ്‌ക്യൂ, മൗണ്ടെയ്ന്‍ റെസ്‌ക്യൂ ഉള്‍പ്പെടെ വിദഗ്ധപരിശീലനം നേടിയവരാണ് സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. കേരളാ ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകമാര്‍, ഡയറക്ടര്‍ ടെക്‌നിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, അക്കാദമി ഡയറക്ടര്‍ എം.ജി. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എ.എസ്. ജോഗി, എസ്എല്‍ ദിലീപ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ തുടങ്ങിയവര്‍ സന്നിഹിതരായി. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെനി ലൂക്കോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാന്‍ഡര്‍ ടി. എസ് അജിലേഷാണ് പാസ്സിങ് ഔട്ട് പരേഡ് നയിച്ചത്. പ്ലസ്സ് ടു അടിസ്ഥാന യോഗ്യതയായ ഈ പരിശീലനം ലഭിച്ച 315 ട്രെയിനികളില്‍, എം.ടെക്ക് യോഗ്യതയുള്ള 4 പേരും എം.ബി.എ ഉള്ള 2 പേരും ബി.എഡ്- 3 പേരും 24 മറ്റ് ബിരുദാനന്തര ബിരുദധാരികളും 51 ബി.ടെക് ബിരുദധാരികളും 158 ബിരുദധാരികളും 35 ഡിപ്ലോമക്കാരും ഐ ടി ഐ യോഗ്യതയുള്ള 8 പേരും പ്ലസ് ടു യോഗ്യതയുള്ള 17 പേരും ഉള്‍പ്പെടുന്നു. ഫയര്‍ പ്രൊട്ടക്ഷന്‍, ഫയര്‍ ഫൈറ്റിംഗ്, ഇന്‍ഡസ്ട്രിയല്‍ ഫയര്‍ സേഫ്റ്റി, മൗണ്ടയ്ന്‍ റെസ്‌ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം, സെല്‍ഫ് റെസ്‌ക്യൂ, വിവിധ രാസ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ എന്നിവ ഉള്‍പ്പെടെയുള്ള 4 മാസത്തെ അടിസ്ഥാന പരിശീലനവും കൂടാതെ കമാന്‍ഡോ പരിശീലന രീതിയില്‍ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാ പ്രവര്‍ത്തനം, ശ്വസനസഹായികള്‍ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങള്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, യാതൊരുവിധ രക്ഷാ ഉപകരണങ്ങളും ലഭ്യമല്ലാത്ത അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ ഇമ്പ്രവൈസ്ഡ് രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണവും അവയുടെ പ്രായോഗിക പരിശീലനങ്ങളും 300 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലനവും നല്‍കി.

Related posts

സുധാകരൻ അന്തരിച്ചു.

Sudheer K

അന്തിക്കാട് റമദാൻ കിറ്റ് വിതരണം നടത്തി.

Sudheer K

ഏങ്ങണ്ടിയൂരിൽ വേലായുധൻ പണിക്കശ്ശേരിയുടെ നവതിയാലോഷം ഗവർണർ ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!