തൃപ്രയാർ: സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി ടിക്കറ്റിൽ നമ്പർ വെട്ടി ഒട്ടിച്ച് നൽകി സമ്മാനം അടിച്ചെന്ന് പറഞ്ഞ് ബൈക്കിൽ എത്തിയയാൾ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് 6000 രൂപ തട്ടിയെടുത്തു. തളിക്കുളം ചേർക്കര മുറ്റിച്ചൂരി വീട്ടിൽ പ്രിജു വിനെയാണ് കബളിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നാട്ടിക ഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം.
ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ 2000 രൂപയുടെ മൂന്ന് ലോട്ടറി ടിക്കറ്റുകൾ അടിച്ചെന്ന് പറഞ്ഞ് പ്രിജുവിനെ സമീപിക്കുകയായിരുന്നു. ഈ മാസം 23 ന് നറുക്കെടുത്ത 695619 നമ്പറിലുള്ള വിൻ- വിൻ മൂന്ന് സെയിം ലോട്ടറിയായിരുന്നു. ഇതിൽ അവസാന നാല് അക്കത്തിന് 2000 രൂപയായിരുന്നു സമ്മാനം. ലോട്ടറി വാങ്ങി കൈയിലുണ്ടായ റിസൽട്ട് നോക്കിയപ്പോൾ 2000 രൂപ സമ്മാനർഹമായിരുന്നു. മൂന്ന് ടിക്കറ്റിന് 6000 രൂപയാണ് കൊടുക്കേണ്ടത്. ബുധനാഴ്ച നറുക്കെടുത്ത 50 രൂപ വിലയുള്ള 21 ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയും വന്ന ആൾ എടുത്തു. ടിക്കറ്റ് എടുത്ത് ബാക്കി മുഴുവൻ തുകയും തിരിച്ചു കൊടുക്കാൻ കൈവശമില്ലാതായതോടെ പ്രിജു സമീപത്തെ പരിചയക്കാരനായ ഷാപ്പ് മാനേജരിൽ നിന്ന് കടം വാങ്ങിയാണ് പൈസ നൽകിയത്. തുക വാങ്ങി അയാൾ സ്ഥലം വിട്ടു. സമ്മാനർഹമായ ടിക്കറ്റുമായി പ്രിജു തൃപ്രയാറിലെ കടയിൽ പോയി നൽകി. കടക്കാരൻ ടിക്കറ്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത് . ലോട്ടറി ടിക്കറ്റിൽ അവസാന നാലു നമ്പറിൽ സമ്മാനർഹമായ നമ്പറാക്കി വെട്ടി ഒട്ടിച്ചാണ് ബൈക്കിൽ എത്തിയയാൾ നൽകി കബളിപ്പിച്ചത്. 6000 രൂപക്ക് പുറമെ 21 ടിക്കറ്റിന്റെ വിലയായ 1050 രൂപയുമാണ് പ്രിജു വിന് നഷ്ട്ടപ്പെട്ടത്. ആറ് വർഷമായി സൈക്കിളിൽ യാത്ര ചെയ്ത് ലോട്ടറി വിൽപ്പന നടത്തിവരുകയാണ് പ്രിജു. കബളിപ്പിച്ച് പണം തട്ടുന്നത് സമീപത്തെ പണ ഇടപാട് സ്ഥാപനത്തിന്റെ സി.സി.ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ടാകാമെന്നാണ് പ്രിജു പറയുന്നത്. വിവരം വലപ്പാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വ്യാഴാഴ്ച പരാതി നൽകും