അന്തിക്കാട്: അന്തിക്കാട് ഹൈസ്കൂൾ കെജിഎംഎൽപി സ്കൂൾ നൂൽഹുദാ മദ്രസ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിൽ ചെറുമഴ പെയ്താൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത വിധം വെള്ളക്കെട്ട് രൂക്ഷമായി. നിരവധിതവണ ഇതിനെക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും എടുക്കാൻ പഞ്ചായത്ത് തയ്യാറായില്ലെന്ന് പറയുന്നു. ഈ റോഡിലൂടെ സൈക്കിളിൽ പോകുന്ന നിരവധി വിദ്യാർത്ഥികൾ ഈ വെള്ളക്കെട്ടിൽ വീണു പരിക്കേറ്റിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് ഈ റോഡിലെ കുറച്ചുഭാഗം മണ്ണിട്ട് നികത്തിയിരുന്നു.ഇത് കൊണ്ടു് വെള്ള കെട്ടിന് പരിഹാരമൊന്നുമുണ്ടായില്ല.2 ലക്ഷം രൂപ ചിലവഴിച്ച് രൂക്ഷമായി വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്ഥലത്ത് ക്വാറിവെയ്സ്റ്റ് അടിച്ച് നികത്തിയതോടെ തൊട്ട് താഴ്ച്ചയുള്ള മറ്റൊരു ഭാഗത്തേക്ക് വെള്ളക്കെട്ട് മാറിയെന്നല്ലാതെ റോഡിലെ വെള്ളകെട്ടിന് ശമനമായില്ല. രണ്ടോ മൂന്നോ ലോഡ് ക്വാറി വെയ്സ്റ്റ് കൂടി അടിച്ചാൽ നിലവിലെ വെള്ളപ്പൊക്കത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കാനാവും എന്നതാണ് നാട്ടുകാർ പറയുന്നത്. വെള്ളക്കെട്ടിനടിയിൽ കുണ്ടും കുഴിയും കല്ലും മറ്റും ഉള്ളതിനാൽ ഇരുചക്ര വാഹനങ്ങളെല്ലാം അപകടത്തിൽ പെടുന്നതും പതിവായി കഴിഞ്ഞു. പ്രശ്നത്തിൽ അടിയന്തര നടപടികൾ എടുത്ത് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നും പ്രദേശവാസികളുടെ ആവശ്യം.
next post