തൃപ്രയാർ: വർഷങ്ങളോളം തിരഞ്ഞെടുപ്പ് നടത്താതെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് വാടാനപ്പിള്ളി കർഷക സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറിയും അനധികൃത നിയമനവും നടത്തിയതായി കർഷക സഹകരണ സംരക്ഷണ മുന്നണി. ഈ മാസം 29ന് സംഘത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. 2023-24 വർഷം 9 കോടിയിലധികം രൂപ സംഘം നഷ്ടത്തിലാണെന്ന് പറയുന്നു. അനധികൃത പണമിടപാടുകൾ നടന്നതായുള്ള പരാതിയിൽ ആറ് മാസം മുൻപ് ഭരണസമിതി രാജിവച്ചു. തുടർന്ന് സഹകരണ വകുപ്പ് അഡ്മിനിസ്‌ടേറ്റർ ഭരണമായതോടെ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വസ്തു ഈടിൻമേൽ തന്നെ ലക്ഷക്കണക്കിന് രൂപ ലോണായി നൽകിയിട്ടുണ്ട്. സംഘത്തിന്റെ കീഴിലുള്ള നീതി ടെക്സ്റ്റയിൽസിൽ കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ പർച്ചേയ്‌സ് ചെയ്തതിൽ വലിയ ക്രമക്കേടുകൾ നടന്നു. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂറിസം ഡവലപ്പ്‌മെന്റ് സഹകരണ സംഘത്തിന് ക്രമവിരുദ്ധമായി ഒരു കോടിയോളം രൂപ നൽകി. ഇത് രജിസ്ടാർ പരിശോധിച്ച് അടിയന്തര നിയമനടപടികൾക്ക് ശുപാർശ നൽകിയിട്ടുണ്ട്. സിസ്റ്റം അഡ്മിനിസ്‌ടേറ്ററായി നിയമിച്ചയാളെ പ്രമോഷൻ നൽകി സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നിപ്പോൾ സെക്രട്ടറി സസ്‌പെൻഷനിലുമാണ്. നിലവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് പാനലിലെ ആറുപേർ നടപടി നേരിട്ടവരാണെന്നും സഹകരണ സംരക്ഷണ മുന്നണി ചെയർപേഴ്‌സൺ ശാന്തി ഭാസി, കൺവീനർ ഷിജിത്ത് വടക്കുംഞ്ചേരി എന്നിവർ പറഞ്ഞു.
previous post