News One Thrissur
Updates

പെരിങ്ങോട്ടുകരയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട സംഭവം: പ്രധാന അധ്യാപികക്ക് സസ്‌പെൻഷൻ 

പെരിങ്ങോട്ടുകര: സെറിബ്രൽ പാൾസി ബാധിച്ച പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ക്‌ളാസ് മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാന അധ്യാപികക്ക് സസ്‌പെൻഷൻ. പെരിങ്ങോട്ടുകര സെൻ്റ് സെറാഫിക്ക് കോൺവെൻ്റ് സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിനെയാണ് ജില്ലാ വിദ്യഭ്യാസ ഓഫീസർ ഡോ.എ. അൻസാർ അന്വഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. കുട്ടിയെ ക്‌ളാസ് മുറിയിൽ തനിച്ചാക്കി പൂട്ടിയിട്ട സംഭവം വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വിഷയത്തിൽ ഇടപെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ചാഴൂർ സ്വദേശികളായ നായരുപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ – പ്രവീണ ദമ്പതികളുടെ മകൾ അനന്യ (17) യാണ് സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ഏറെ നേരം ഭയപ്പെട്ട് മുറിക്കുള്ളിൽ ബന്ധനാവസ്ഥയിൽ കഴിഞ്ഞത്. മുൻപും അനന്യയെ ക്‌ളാസിൽ പൂട്ടിയിടാറുണ്ടെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു. സെറിബ്രൽ പാൾസി ബാധിച്ച അനന്യയെ ആഴ്ചയിൽ 4 ദിവസം ക്‌ളാസ് കഴിഞ്ഞ ശേഷം ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോകണം. മകളെ വീട്ടിലേക്ക് കൊണ്ട് പോകാൻ എത്തിയ പിതാവ് ഉണ്ണികൃഷ്ണൻ കുട്ടിയെ കാണാതെ അന്വേഷിച്ച് നടന്ന് ഒടുവിലാണ് മുറിക്കുള്ളിൽ മകളെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. ആ സമയം അനന്യ ഭയചകിതയായി മുറിക്കുള്ളിൽ നിന്ന് നിന്ന് വാതിലിൽ ഇടിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ സമയം ക്‌ളാസിലെ മറ്റു കുട്ടികളെല്ലാം താഴെയുള്ള ഐ ടി വിഭാഗം ക്‌ളാസിൽ പഠിക്കാൻ പോയിരിക്കുകയായിരുന്നു.

 

ഭയന്ന മകളെ ആശ്വസിപ്പിച്ച് സ്‌കൂളിലെ എച്ച് എം നെയും ക്ലാസ് ടീച്ചറെയും കണ്ട് വിവരം പറയാമെന്ന് കരുതി അന്വേഷിച്ചെങ്കിലും ആരും പരിസരത്ത് ഉണ്ടായിരുന്നില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. കുട്ടിയെ 40 മിനിറ്റ് മുറിക്കുള്ളിൽ പൂട്ടിയിട്ടതായി മനസിലാക്കി. മറ്റു കുട്ടികൾ പഠിക്കാൻ പോയിരുന്ന ഐ ടി ക്ലാസ് സ്‌കൂൾ മാനേജർ ക്രമവിരുദ്ധമായി അധ്യാപികയെ നിയമിച്ച് നടത്തി വരികയാണെന്നു കണ്ടെത്തിയതായി ജില്ലാ വിദ്യഭ്യാസ ഓഫീസർ ഡോ.എ. അൻസാർ പറഞ്ഞു. വിഷയത്തിൽ തുടർ അന്വേഷണം ഉണ്ടാകും. സംഭവ ദിവസം ക്ലാസ് ടീച്ചർ അവധിയായതിനാൽ ഒഴിവാക്കിയെങ്കിലും തുടർന്നുള്ള അന്വേഷത്തിൽ ഇവരെയും ഉൾപ്പെടുത്തും. സ്‌കൂൾ അധികാരികളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നിരവധി പരാതികൾ ഉരിയർന്നിരുന്നു. തുടർന്നാണ് പ്രധാന അധ്യാപിക ടെസിൻ ജോസഫിനെ ജില്ലാ വിദ്യഭ്യാസ ഓഫീസർ ഡോ.എ. അൻസാർ അന്വഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.

Related posts

രോഗിയുമായി പോയിരുന്ന ആംബുലൻസ് കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചു കയറി അപകടം

Sudheer K

കല്ല്യാണി അന്തരിച്ചു. 

Sudheer K

ചാഴൂർ നിവാസികൾക്ക് ഓണസമ്മാനമായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

Sudheer K

Leave a Comment

error: Content is protected !!