വാടാനപ്പള്ളി: വലിയ മാറ്റത്തിന് വഴിവെക്കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒറ്റത്തവണ തെരഞ്ഞെടുപ്പ്, ഫലത്തിൽ രാജ്യത്തെ ശിഥിലമാക്കുകയാണ് ചെയ്യുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ഏറ്റവും ആധുനിക ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന നാടു കൂടിയാണ്. നമ്മുടെ ഉപദേശീയതകളെയും വൈവിധ്യത്തെയും കോർത്തിണക്കി ഫെഡറലിസത്തിൽ അധിഷ്ടിതമായ മികച്ച പാർലമെന്ററി വ്യവസ്ഥിതിയാണ് നാം രൂപപ്പെടുത്തിയിട്ടുള്ളത്. പേരുകേട്ട മറ്റു ജനാധിപത്യ രാജ്യങ്ങളുടെ പോരായ്മകൾ പരിഹരിച്ചു കൊണ്ട് കൂടിയായിരുന്നു ഇത്. സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യ ഇപ്പോൾ കാണുന്ന വ്യവസ്ഥിതിക്കു കീഴിൽ ആയിരുന്നില്ല. ഇത് തകർക്കുന്നതിനും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കു ന്നതിനുമുള്ള ആർ എസ് എസിന്റെ ഒളിയജണ്ട കൂടിയാണ് ഒറ്റത്തവണ തെരഞ്ഞെടുപ്പെന്ന് പി.എം. സാദിഖലി പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകൾ കൂടി നടത്തുക വഴി പ്രാദേശിക താൽപ്പര്യങ്ങൾക്കപ്പുറം ദേശീയ വികാരം മുതലാക്കാനുള്ള തന്ത്രമാണിത്. ഇത് ഉപദേശീയതകളെ തകർക്കും. ബിജെപിക്ക് ഒരു തവണ ലോകസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭയിൽ ഇതു വരെ ഭൂരിപക്ഷം ഉണ്ടാക്കാൻ ആയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയമാണ് രാജ്യസഭയിലെ ഭൂരിപക്ഷത്തിന്റെ മാനദണ്ഡമെന്നതുകൊണ്ട് ഒറ്റത്തവണ തെരഞ്ഞെടുപ്പ് വഴി ലക്ഷ്യം നേടാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
ഇതുവഴി ഭരണഘടന തകർക്കാനും പ്രസിഡൻഷ്യൽ ഭരണം കൊണ്ടു വരാനുമാണ് പദ്ധതിയിടുന്നത്. ഇന്ത്യയെ ഒരുമിപ്പിക്കുന്നതിന് ക്രാന്ത ദർശികളായ നമ്മുടെ രാഷ്ട്രശില്പികൾ കൈമെയ് മറന്ന് പരുവപ്പെടുത്തിയ നമ്മുടെ വ്യവസ്ഥിതിയെ തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് സാദിഖലി പറഞ്ഞു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ് സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.എ. അബ്ദുൽ മനാഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ കെ.കെ. സക്കരിയ്യ, എ.വി. അലി, അസീസ് മന്നലാംകുന്ന്, ടി.എ. ഫഹദ്, സാബിർ കടങ്ങോട്, പി.ജെ. ജെഫീക്ക്, എ.വി. സജീർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി എസ്എ. അൽറസിൻ പ്രസംഗിച്ചു.