ചെന്ത്രാപ്പിന്നി: എടത്തിരുത്തിയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതോടെ തീരദേശത്തെ 10 വീണ്ടും പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ള വിതരണം നിലച്ചു. എടത്തിരുത്തി പഞ്ചായത്തിലെ ഏറാക്കൽ റോഡിലാണ് പൈപ്പ് പൊട്ടിയത്. വെള്ളാനിയിലെ ശുദ്ദീകരണശാലയിൽ നിന്നും തീരദേശത്തേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാനലൈനിലെ 700 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. ഇതു മൂലം എസ്. എൻ. പുരം മുതൽ വടക്കോട്ട് ഏങ്ങണ്ടിയൂർ വരെയുള്ള പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം നിലച്ചത്. ഒരു മാസം മുമ്പ് പൊട്ടിയ പൈപ്പ് റിപ്പയർ ചെയ്‌ത് ആഴ്‌ചകൾ മാത്രം കഴിയുമ്പോഴേക്കുമാണ് തൊട്ടടുത്ത് വീണ്ടും പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിറ്റി അധികൃതരെത്തി പരിശോധന നടത്തി നാളെ മുതൽ പണി ആരംഭിക്കും. ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞേ അറ്റകുറ്റപണി പൂർത്തിയാകൂ.