ചെമ്മാപ്പിള്ളി: രാമായണ പ്രസിദ്ധമായ സേതുബന്ധനത്തെ അനുസ്മരിച്ചുകൊണ്ട് ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തൃപ്രയാർ തേവരുടെ ചിറകട്ടോണം നാളെ ( ഒക്ടോബർ 12)ആഘോഷിക്കും. സേതുബന്ധനത്തിന്റെ സ്മരണയ്ക്ക് ചിറകെട്ടുന്ന ഭൂമിയിലെ ഒരേ ഒരിടമാണ് ശ്രീരാമൻ ചിറ. 2014 ലെ നവീകരണ കലശത്തിനു മുന്നോടിയായാണ് മുടങ്ങിപ്പോയ പല ചടങ്ങുകളും പുന:രാരംഭിച്ചത്. പുലർച്ചെ 3:00 മണിക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിയമവെടി കേൾക്കുന്നതോടെയാണ് ചിറകട്ടോണ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ചിറകെട്ട് അവകാശികളായ പനോക്കി സുരേഷ്, ബാബു എന്നിവർ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ഓണം കൊള്ളും. ഇവിടെ ഉണ്ടാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ തൃപ്രയാറപ്പനെ സങ്കൽപ്പിച്ച് ഇവർ പൂജ ചെയ്യുന്നു. തുടർന്ന് ആരംഭിക്കുന്ന ചെണ്ടമേളം വൈകീട്ട് ചിറകെട്ടുന്ന സമയം വരെ നീണ്ടുനിൽക്കുന്നു. ഈ ചെണ്ടകൊട്ട് കേൾക്കുമ്പോഴാണ് ചെമ്മാപ്പിള്ളി പെരിങ്ങോട്ടുകര പ്രദേശങ്ങളിലെ എല്ലാ വീടുകളിലും തൃക്കാക്കരയപ്പനെ വച്ച് ഓണം ആഘോഷിക്കുന്നത്. നാളെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നേരത്തെ തന്നെ ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് നടയടയ്ക്കും.
അതോടെ തന്റെ അനുചരന്മാരായ ഹനുമാൻ സ്വാമിയെയും വിഷ്ണുമായ സ്വാമിയേയും ക്ഷേത്രത്തിന്റെ കാവൽ ഏൽപ്പിച്ച ശേഷം മുതലപ്പുറത്തു കയറി തൃപ്രയാർ തേവർ ശ്രീരാമൻ ചിറയിലേക്ക് എത്തുന്നു എന്നാണ് വിശ്വാസം. തൃപ്രയാർ ക്ഷേത്രം മാനേജർ ചെമ്മാപ്പിള്ളിയിലെത്തി അനുവാദം നൽകുന്നതോടെയാണ് പ്രതീകാത്മക ചിറകെട്ടൽ ആരംഭിക്കുന്നത്. ശേഷം ഭഗവാനെ ചിറകെട്ടിന് സഹായിച്ച അണ്ണാറക്കണ്ണനെ സ്മരിച്ച് മണ്ണ് സമർപ്പിക്കുന്ന സേതുബന്ധന വന്ദനം എന്ന ചടങ്ങ് നടക്കുന്നു. ആദ്യകാലത്ത് തൃപ്രയാർ ക്ഷേത്രം ആയിരുന്നു പാടശേഖരത്തിന് കുറുകെ ചിറ കെട്ടിയിരുന്നത്. ഇപ്പോൾ അത് താന്ന്യം പഞ്ചായത്തിന്റെ ചുമതലയായി മാറിയിട്ടുണ്ട്. ചടങ്ങുകൾക്കു ശേഷം തൃപ്രയാർ തേവർക്ക് വിശ്രമിക്കാനായി പുതിയ ചിറയിന്മേൽ വെളുത്തേടത്ത് സമുദായാംഗം പത്മമിട്ട് വെള്ളയും കരിമ്പടവും വിരിയ്ക്കും. ചടങ്ങുകൾ സമാപിക്കുന്നത് കൊട്ടാരവളപ്പിൽ ക്ഷേത്രത്തിലാണ്. ചിറകെട്ടിന്മേൽ നിന്നുള്ള ഘോഷയാത്ര ഇവിടെ എത്തിച്ചേർന്നതിനുശേഷം തൃപ്രയാർ ക്ഷേത്രം മാനേജർ അവകാശ വിതരണം നടത്തും. അവിടെ വച്ച് നായർ സമുദായ അംഗം നെല്ലും കാഴ്ചക്കുലയും സമർപ്പിക്കുന്നു. വിശ്വകർമ്മജരായ ആശാരി, കരുവാൻ, തട്ടാൻ എന്നിവർ യഥാക്രമം ഇടങ്ങഴി, കത്തി, മോതിരം എന്നിവയാണ് സമർപ്പിക്കുന്നത്. സാംബവ സമുദായ പ്രതിനിധി സമർപ്പിക്കുന്നത് ഓലക്കുടയാണ്. ചിറയിൻമേൽ വിവിധ കലാപരിപാടികൾ അവതരിപ്പി ച്ചവർക്കും സേതുബന്ധന വന്ദനം നടത്തിയവർക്കും വിവിധ വിഭവങ്ങൾ സമർപ്പിച്ചവർക്കും ഉള്ള അവകാശം അളന്ന് നൽകുന്നതും പൂജ ചെയ്യുന്നതും നമ്പൂതിരി സമുദായാംഗമാണ്. ഈഴവ സമുദായത്തിനാണ് കൊട്ടാരവളപ്പും ചിറകെട്ടും വൃത്തിയാക്കുന്നതിനും പൂജാ സാധനങ്ങൾ എത്തിക്കുന്നതിനു മുള്ള അവകാശമുള്ളത്. ചിറകെട്ടോണത്തിന്റെ ഭാഗമായി വിവിധ പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9ന് സ്നേഹദീപം ബാൻഡ് സെറ്റ് അവതരിപ്പിക്കുന്ന ബാൻഡ് മേളം, വൈകീട്ട് 4 ന് ശിങ്കാരിമേളവും ഫ്യൂഷനും ഡിജെയും ചേർന്ന ഘോഷയാത്ര എന്നിവ ആനേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. രാവിലെ പതിനൊന്നര മുതൽ ചിറകട്ടിന്മേൽ ശബരി സൽക്കാരവും ഉച്ചയ്ക്ക് രണ്ടര മുതൽ കൈകൊട്ടിക്കളിയും ഉണ്ടായിരിക്കും. കോക്കാൻ മുക്ക് സെന്ററിൽ നിന്ന് ആരംഭിക്കുന്ന കുമ്മാട്ടി ഘോഷയാത്രയും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും വൈകീട്ട് 4 30 ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പും ചെണ്ടമേളവും കൂട്ടുമാക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വിഭവസമർപ്പണ ഘോഷയാത്രയും ഇതിന്റെ ഭാഗമായി നടക്കും. തൃപ്രയാർ ക്ഷേത്രവും കൊച്ചി ദേവസ്വം ബോർഡും സഹകരിക്കുന്ന ഈ ആഘോഷം ആനേശ്വരം ബ്രദേഴ്സ്, ചൊവ്വ ഫ്രണ്ട്സ്, കായമ്പിള്ളി ആൽ സാംസ്കാരിക വേദി, ബാപ്പു ആർട്സ് & സ്പോർട്സ് ക്ലബ്, കൂട്ടുമാക്കൽ ക്ഷേത്ര ക്ഷേമസമിതി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നതെന്ന് ചിറകട്ടോണ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.