പാവറട്ടി: പൂവത്തൂരിൽ ക്ഷേത്രത്തിൻ്റെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. സുബ്രഹ്മണ്യൻ കോവിൽ ക്ഷേത്രത്തിൻ്റെ മൂന്ന്ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം. ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിയുടെ ഭണ്ഡാരം ,അയ്യപ്പസ്വാമിയുടെ ഭണ്ഡാരം ,കറുപ്പസ്വാമിയുടെ ഭണ്ഡാരം എന്നിവയാണ് തകർത്തിട്ടുള്ളത്.
രണ്ട് ഭണ്ഡാരങ്ങൾ പറിച്ചെടുത്ത നിലയിൽ ആണ്. മോഷണം നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും മറ്റും ഉപേക്ഷിച്ച നിലയിൽ സമീപത്ത് നിന്നും കണ്ടെത്തി. പുലർച്ചെ ക്ഷേത്രം മേൽശാന്തി പി.കെ കൃഷ്ണൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം പ്രസിഡൻറ് ടി ആർ രാധാകൃഷ്ണൻ, സെക്രട്ടറി കെ ആർ സുബി മോൻ ട്രഷറർ അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ പാവറട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഫിംഗർ പ്രിൻറ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, പാവറട്ടി എസ് ഐ ഐ സജീവ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു . മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.