News One Thrissur
Updates

ആചാര പെരുമയിൽ ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ ചിറകെട്ടി.

ചെമ്മാപ്പിള്ളി: ഭഗവാൻ ശ്രീരാമചന്ദ്രൻ കടൽ കടക്കാൻ സേതുബന്ധിച്ചതിൻ്റെ ഓർമ്മക്ക് നടത്തുന്ന തൃപ്രയാറപ്പന്റെ സേതുബന്ധന ടങ്ങുകൾ ഭക്തി സാന്ദ്രമായി. മുതലപ്പുറമേറി ചിറകെട്ടിന്മേൽ എത്തിച്ചേർന്ന് തൃക്കാക്കരയപ്പനൊപ്പം ചിറകെട്ടുന്നത് വീക്ഷിച്ച തൃപ്രയാർ തേവർ പുതിയ സേതുവിൽ പത്മമിട്ട് വെള്ളയും കരിമ്പടവും വിരിച്ചിട്ടതിൽ വിശ്രമിച്ച ശേഷം ഇന്നലെ (13.10.24) പുലച്ചെ ഉള്ള നിയമവെടി പൊട്ടിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. കന്നിയിലെ തിരുവോണ ദിവസം തൃപ്രയാർ ക്ഷേത്രം നട തുറക്കുന്നതിന്റെ അടയാളമായി പുലർച്ചെ മൂന്നുമണിക്ക് നിയമവെടി കേട്ടതോടെയാണ് ശ്രീരാമൻ ചിറയിൽ തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊണ്ട് സേതുബന്ധന ചടങ്ങുകൾക്ക് അവകാശികൾ തുടക്കമിട്ടത്. തുടർന്ന് അവരുടെ നേതൃത്വത്തിൽ ചിറകെട്ടിന്മേൽ ചെണ്ടകൊട്ട് ആരംഭിച്ചു. ഈ ചെണ്ട കൊട്ട് കേട്ടതോടെ ഈ പ്രദേശങ്ങളിലെ വീടുകളിൽ തൃക്കാക്കരയപ്പനെ വച്ച് ഓണം കൊണ്ടു. പൂവടക്ക് പുറമേ വറുത്ത അരിയും പയറും നേദ്യമായി തൃക്കാക്കരയപ്പന് വീട്ടുകാർ സമർപ്പിച്ചു. ചിറകെട്ട് ചടങ്ങുകളുടെ നേതൃത്വം കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്രയാർ ക്ഷേത്രത്തിനും ചിറ കിട്ടുന്നതിനുള്ള ചുമതല താന്ന്യം ഗ്രാമപഞ്ചായത്തിനും ആഘോഷങ്ങളുടെ നേതൃത്വം ചിറകട്ടോണ സംരക്ഷണ സമിതിക്കുമാണ്. രാവിലെ മുതൽ വിവിധ പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രകൾ ഉണ്ടായിരുന്നു. ശ്രീരാമൻ ചിറയിൻമേൽ രാവിലെ 9 മണി മുതൽ കൈകൊട്ടിക്കളി നടന്നു.

അപരനെ ശ്രീരാമനായി കണ്ട്, തനിക്ക് ലഭിച്ച ഭക്ഷണം കൈമാറി നൽകുന്ന അത്യപൂർവ്വ ചടങ്ങായ ശബരീ സൽക്കാരത്തിനും ഇന്നലെ ശ്രീരാമൻചിറ സാക്ഷ്യം വഹിച്ചു. വിവിധ ജാതിമത വിഭാഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ശബരീ സൽക്കാരത്തിന് നേതൃത്വം നൽകി. ഇതിൽ എട്ടങ്ങാടി കൂട്ടിയുള്ള പ്രസാദക്കഞ്ഞിയാണ് എല്ലാവർക്കും വിതരണം ചെയ്തത്.വർഷത്തിൽ ഒരിക്കൽ അത്യപൂർവ്വമായി നടക്കുന്ന ഈ സേതുബന്ധന ചടങ്ങിൽ പങ്കെടുക്കുന്നതിന് തൃപ്രയാർ ക്ഷേത്രനട നേരത്തെ അടച്ചിട്ടു. ഇതിനുപുറമേ ആറാട്ടുപുഴ ദൈവമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് ക്ഷേത്രനട നേരത്തെ അടയ്ക്കുന്നത്. നടയടച്ചതിനുശേഷം ക്ഷേത്രത്തിന്റെ മീനോട്ടു കടവിൽ വിളക്ക് തെളിയിച്ച് ഭഗവാനെ ശ്രീരാമൻ ചിറയിലേക്ക് യാത്രയാക്കി. തൃപ്രയാർ ക്ഷേത്രം മാനേജർ മനോജ് കെ.നായർ ചിറയിലെത്തി അനുവാദം നൽകിയതിന് ശേഷമാണ് ചിറകെട്ട അവകാശികൾ പ്രതീകാത്മക ചിറകിട്ടു നടത്തിയത്. അതിനുശേഷം ഭഗവാനെ ചിറകിട്ടുന്നതിന് സഹായിച്ച അണ്ണാറക്കണ്ണനെ സ്മരിച്ചുകൊണ്ട് ഭക്തർ ഒരുപിടി മണ്ണ് പുതിയ ചിറയിലേക്ക് വാരിയിട്ട് സേതുബന്ധന വന്ദനം നടത്തി. തുടർന്ന് എല്ലാവരും ചേർന്ന് ചെമ്മാപ്പിള്ളി കൊട്ടാരവളപ്പിൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോയി. ഇവിടെ വച്ച് ചിറകെട്ടിയവർക്കും മറ്റ് അവകാശികൾക്കും സൗകര്യങ്ങൾ ഒരുക്കിയവർക്കും എല്ലാമുള്ള അവകാശം വിതരണം ചെയ്തു. ഒപ്പം സേതുബന്ധന വന്ദനം നടത്തിയവർക്ക് ഭഗവത്പ്രസാദമായി ഒരു നാണയം നൽകി. വിശ്വകർമ്മജരായ ആശാരി, കരുവാൻ, തട്ടാൻ എന്നിവർ നാഴി, കത്തി, മോതിരം എന്നിവയും നായർ സമുദായം നെല്ലും കാഴ്ചക്കുലയും സാബവ സമുദായാംഗം ഓലക്കുടയും സമർപ്പിച്ചു. തുടന്ന് അവകാശികൾക്ക് ഉള്ള നെല്ല് ക്ഷേത്രത്തിൽ നിന്നെത്തിയ ശാന്തി അളന്നു നൽകി.

രാവിലെ ബാൻഡ് മേളം, സന്ധ്യക്ക് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ്, കൂട്ടുമാക്കല്‍ ക്ഷേത്രത്തിൽ നിന്നും വിഭവസമർപ്പണ ഘോഷയാത്ര, ആനേശ്വരം മഹാദേവക്ഷേത്രത്തിൽ നിന്ന് ശിങ്കാരിമേളവും ഫ്യൂഷനും, മുറ്റിച്ചൂർ കോക്കാൻ മുക്കിൽ നിന്ന് കുമ്മാട്ടിഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് ഇ.പി. ഹരീഷ്, പി.ആർ. സിദ്ധൻ, ടി.ജി. രതീഷ്, ടി.യു. അബ്ദുൽ കരീം, എ.ഡി. ഗിരീഷ്, ഇ.പി. ഗിരീഷ്, നിവിൻ നന്ദനൻ, ബിനീഷ് മേനോത്തുപറമ്പിൽ, സജീഷ് സി.വി, ഉണ്ണികൃഷ്ണൻ പൂക്കാട്ട്, ശോഭരാജ്, എം.പി.അംബരീഷ്, സുരേഷ് പനോക്കി ബാബു പനോക്കി എന്നിവർ നേതൃത്വം നൽകി

Related posts

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നാട്ടികയിൽ ഊഷ്മള സ്വീകരണം.

Sudheer K

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

Sudheer K

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

Leave a Comment

error: Content is protected !!