കാഞ്ഞാണി: കുടിവെള്ള പെപ്പ് സ്ഥാപിക്കാൻ പൊളിച്ച ആനക്കാട് റോഡ് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാത്തത് മൂലം നാട്ടുകാർ ദുരിതത്തിൽ. മണലൂർ പഞ്ചായത്തിന്റെ പൊതുശ്മശാനം സ്ഥിതി ചെയ്യുന്ന റോഡാണ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായത്. സമീപ പഞ്ചായത്തുകളിൽ നിന്നും മുതദേഹവുമായി ശ്മശാനത്തിലേക്ക് എത്തുന്നവരും റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ദുരിതം പേറുകയാണ്. ആനക്കാട് മുതൽ തൃക്കുന്നത് വാട്ടർ ടാങ്ക് വരെ കുടിവെള്ള പദ്ധതിക്ക് വേണ്ടി 10 മാസങ്ങൾക്ക് മുൻപാണ് റോഡ് പൊളിച്ചത്. എന്നാൽ അതിനു ശേഷം റീസ്റ്റോറേഷൻ നടപടികളൊന്നും ഇവിടെ ആരംഭിച്ചിട്ടില്ല മണലൂർ പഞ്ചായത്തിലെ 4, 5 വാർഡുകൾ സ്ഥിതി ചെയ്യുന്ന ഈ റോഡിൽ കാൽ നട പോലും ഇപ്പോൾ ദുഷ്കരമാണ്. റോഡ് നന്നാക്കുവാൻ വാർഡ് മെമ്പർമാർ ഇടപെടണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രദേശത്ത് കാന നിർമിക്കണമെന്നും കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ ആവശ്യപ്പെട്ടു. അതേസമയം പൈപ്പ് സ്ഥാപിക്കുന്നതിനും റിസ്റ്റേറഷനും വേണ്ട പണം നൽകാൻ അധികൃതർ തയാറാകുന്നില്ലെന്നും ഇതുമൂലം കടക്കെണിയിലായതായും കരാറുകാരൻ പറയുന്നു.