എടവിലങ്ങ്: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ കൊടുങ്ങല്ലൂർ മേഖലയിൽ കടൽവെള്ളം തീരത്തേക്ക് അടിച്ചു കയറി. എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ് കടപ്പുറത്താണ് കള്ളക്കടൽ കൂടുതൽ പ്രകടമായത്. കടലിൻ്റെ അടിത്തട്ട് കലങ്ങിയ കണക്കെ ചളി നിറഞ്ഞ തിരമാലയാണ് കരയിലേക്ക് അടിച്ചു കയറിയത്. രൂക്ഷമായ ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ശക്തമായ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് കെട്ടിയിട്ടിരുന്ന വഞ്ചികളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തെമ്മാറ് എന്ന് മത്സ്യതൊഴിലാളികൾ വിളിക്കുന്ന കള്ളക്കടൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കില്ലെന്നാണ് മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ പറയുന്നത്.