തൃപ്രയാർ: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കുമെന്നും എയ്ഡഡ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശ ലംഘനത്തിലേക്ക് നയിക്കുമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. പ്രധാന അധ്യാപകസംഘടനകളായ കെപിപിഎച്ച്എ, കെപിഎസ്എച്ച്എ, ജീവനക്കാരുടെ സംഘടനയായ കെഎഎസ്എൻടിഎസ്എ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
നാട്ടിക പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും മാർച്ചായാണ് അധ്യാപർ എഇഒ ഓഫീസിനുമുന്നിൽ എത്തിയത്. പ്രതിഷേധ ധർണ്ണ വലപ്പാട് ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ എ എസ് എൻ ടി എസ് എ ജില്ല ട്രഷറർ കെ ആർ മണി കണ്ഠൻ അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം അസിസ്റ്റൻ്റ് കൺവീനർ സി.കെ. ബിജോയ്, പി.ജെ.ജോൺ, റീന തോമസ്, എം.ബി. സുനിൽകുമാർ, സി.എസ്. ഷൈനി, എൻ.വി. ജ്യോതി എന്നിവർ പ്രസംഗിച്ചു.