അന്തിക്കാട്: പുത്തൻകോവിലകം കടവ് – കല്ലിട വഴി റോഡിൽ കാലങ്ങളായി നിലനിൽക്കുന്ന വെള്ള കെട്ടും റോഡിൻ്റെ തകർച്ചയും പരിഹരിക്കാതെ അധികൃതർ കൈ ഒഴിഞ്ഞപ്പോൾ ജനകീയ പങ്കാളിത്തത്തോടെ പരിഹാരം കണ്ട് നാട്ടുകാർ. വ്യാഴാഴ്ച രാവിലെ റോഡിലെ കുഴികളിൽ ആവശ്യമായ ക്വാറി വേസ്റ്റും മണ്ണും അടിച്ചണ് വെള്ളകെട്ടൊഴിവാക്കിയത്. വളരെ കുറഞ്ഞ ദൂരത്തിൽ ഒരുകുളം മോഡലിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി പേരാണ് അപകടത്തിൽ പെട്ടത്.
രണ്ടു പ്രധാനപ്പെട്ട വിദ്യാലയങ്ങളിലേയ്ക്ക് നിരവധി വിദ്യാർത്ഥികൾ സൈക്കിളുകളിലും കാൽനടയായും യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. അപകടം പതിവായതോടെ ഇതിലൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെടുകയും റോഡ് ആക്ഷൻ കമ്മിറ്റി നിലവിൽ വരികയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ 27,000 രൂപ സമാഹരിച്ചാണ് വെള്ള കെട്ടിന് താൽകാലിക പരിഹാരം സാധ്യമാക്കിയത്. റോഡിലെ വെള്ളകെട്ട് ഒഴിവാക്കാനായാണ് ജനകീയ കൂട്ടായ്മ രൂപപെട്ടതെങ്കിലും പിരിച്ചുവിടാതെ കൂടുതൽ കരുത്തോടെ സുരക്ഷിതയാത്ര ഒരുക്കുന്നതിന് വേണ്ടി പ്രവർത്തനം തുടരാനാണ് ഇവരുടെ തീരുമാനം.