അരിമ്പൂർ: തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് അഞ്ചാങ്കല്ലിൽ തെരവു നായ്ക്കൾ കാരണം വാഹനങ്ങൾ അപകടത്തിപ്പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കുടുംബം സഞ്ചരിക്കുന്ന ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഒരാളുടെ കയ്യും മറ്റൊരാളുടെ കാലും ഒടിഞ്ഞു. രണ്ടാം വാർഡിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പകൽ സമയങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്ത്രീകളും കുട്ടികളും അടക്കം ഭീതിയോടെയാണ് അഞ്ചാംകല്ല് സെന്ററിൽ സഞ്ചരിക്കുന്നത്. ബാങ്കിന് മുന്നിൽ കൂട്ടംകൂടി കിടക്കുന്ന നായ്ക്കൾ ബാങ്കിലേക്ക് എത്തുന്ന ഇടപാടുകാർക്കും ബാങ്കിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കും ശല്യമാകുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം മൂലം അരിമ്പൂർ പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചത് മാസങ്ങൾക്ക് മുൻപാണ്. സംസ്ഥാന പാതയിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് നായ്ക്കൾ എടുത്ത് ചാടി നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
previous post