പഴുവിൽ: മതസൗഹാർദ്ദ സദസ്സുകൾ സംഘടിപ്പിക്കുന്നതുപോലെ രാഷ്ട്രീയ സൗഹാർദ്ദ സദസ്സുകൾ സംഘടിപ്പിക്കാൻ കുട്ടായ്മകൾ മുന്നിട്ടിറങ്ങണമെന്ന് പ്രഭാഷകനും എഴുത്ത്കാരനുമായ കെ.എൻ.എ ഖാദർ. ഇത് രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ജീർണത കളെ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സാംസ്ക്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എൻ.എ ഖാദർ. മതം മതത്തിനോടും രാഷ്ട്രീയം രാഷ്ട്രീയത്തോടും മത്സരിക്കുന്നു. മുഖവും രൂപവും ഭാവവും ഇല്ലാത്ത ഒരു ശക്തിക്ക് പല രൂപങ്ങൾ നൽകി ദൈവമെന്ന് വിളിച്ചത് മനുഷ്യരാണ്. അത് കൊണ്ടു തന്നെ നന്മ മാത്രം ആയിരിക്കണം ആ ദൈവങ്ങൾ മനുഷ്യന് നൽകേണ്ടതെന്നും കെ.എൻ.എ ഖാദർ പറഞ്ഞു. മുൻ എംഎൽഎ പ്രൊഫ.കെ.യു. അരുണൻ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ മാൻ ഓഫ് ദി ഇയർ 2024 പുരസ്ക്കാരം ചടങ്ങിൽ ആന്റോ അഗസ്റ്റിന് സമ്മാനിച്ചു. കാരുണ്യയുടെ സ്നേഹാദരവ് പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജ് ഏറ്റുവാങ്ങി. സിനിമാ താരം സുനിൽ സുഗദ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ്, ഷാബു വെട്ടിയാട്ടിൽ, സലീഷ് പെരിങ്ങോട്ടുകര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജൂഡോ പ്രദർശനം, കരാത്തെ പ്രദർശനം, തിരുവാതിരക്കളി, ഗാന സന്ധ്യ, മാജിക്ക്, ഫ്യൂഷൻ, നൃത്ത നൃത്യങ്ങൾ എന്നിവയും ഉണ്ടായി.