എടവിലങ്ങ്: കുഞ്ഞയിനിയിൽ അഗതിമന്ദിരത്തിലെ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ വാർഡനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട്ട് രാജപുരം അരക്കംകാട് നാരായണനെ (51) ആണ് ഇൻസ്പെക്ടർ ബി.കെ.അരുൺ അറസ്റ്റ് ചെയ്തത്. മൂന്നു ആൺകുട്ടികൾ ആണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ആണ് പീഡിപ്പിച്ചത്. തിങ്കളാഴ്ചയാണ് പീഡന വിവരം പുറത്തറിയുന്നത്. അന്തേവാസിയായ ഒരു കുട്ടിയുടെ മാതാവും സുഹൃത്തും കഴിഞ്ഞ ദിവസം അഗതി മന്ദിരത്തിൽ എത്തിയിരുന്നു. പീഡനത്തിന് ഇരയായ കുട്ടി തന്റെ മാതാവിന്റെ സുഹൃത്ത് ആയ അധ്യാപികയെ കണ്ടയുടൻ പീഡനത്തെപ്പറ്റി പറയുകയായിരുന്നു. ഇവർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. കമ്മിറ്റി പ്രവർത്തകർ അഗതി മന്ദിരത്തിൽ എത്തി കുട്ടികളുടെ മൊഴിയെടുത്ത് പൊലീസ് പരാതി നൽകി. തുടർന്നാണ് അഗതി മന്ദിരത്തിൽ നിന്നു നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും ചൈൽഡ് ലൈൻ പ്രവർത്തകർ തൃശൂരിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. നാരായണനെ കോടതി റിമാൻഡ് ചെയ്തു
next post