കാഞ്ഞാണി: വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലെ സംയുക്ത തിരുനാൾ ഈ മാസം ഒന്നു മുതൽ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പള്ളി വികാരി ഫാ: പ്രതീഷ് കല്ലറക്കൽ, ജനറൽ കൺവീനർ ടി.പി. സണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1 ന് വൈകീട്ട് 5.30 ന് ഇടവ വികാരി കൊടിയേറ്റം നടത്തി കൊണ്ട് ആഘോഷ പരിപാടിക്ക് തുടക്കം കുറിക്കും. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടിയേറ്റ ദിവസം നാനാ ജാതി മതസ്ഥരായ 70 കുടുംബങ്ങൾക്ക് 10 കിലോ അരി വീതം നൽകും . ഈ മാസം എട്ട് വരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, അടിമ സമർപ്പണം, നേർച്ച വഴിപാട് , നേർച്ച ഭക്ഷണം എന്നിവ നടത്തും. 8 ന് രാത്രി 7ന് ദീപലങ്കാരത്തിന്റെ സ്വിച്ച് ഓണും വാദ്യമേളവും നടക്കും.
ഇന്നേ ദിവസം ഡയാലിസിന് രോഗികൾക്ക് സഹായം നൽകും. 9 ന് വൈകീട്ട് 5 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂട് തുറക്കൽ ശുശ്രൂഷയും ആറ് യൂനിറ്റുകളിൽ നിന്നുള്ള അമ്പ് വരവും കിരീടം എഴുന്നള്ളിപ്പും നടക്കും. തിരുനാൾ ദിനമായ 10 ന് രാവിലെ 10 .30 ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാന നടത്തും. അന്നേ ദിവസം വൈകീട്ട് 4ന് ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ബാന്റ് പെർഫോർമൻസുംനടത്തും. 11 ന് വൈകീട്ട് 5.30 ന് ഇടവയിൽ നിന്നും മൺ മറഞ്ഞുപോയ പൂർവ്വികരെ അനുസ്മരിച്ച് ദിവ്യബലിയും പ്രാർത്ഥനയും വൈകീട്ട് 7 ന് ഇടവകയിലെ കലാകാരൻമാർ ഒരുക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും. 17 ന് എട്ടാമിടവും ഇടവക ദിനവും സംയുക്തമായി ആഘോഷിക്കുന്ന അവസരത്തിൽ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ ആദരിക്കുകയും ഇടവകാംഗങ്ങളുടെ കലാപരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇടവകയിൽ 340 കുടുംബങ്ങളാണുള്ളത്.വാർത്താ സമ്മേളനത്തിൽ ജോർജ് താന്ദിക്കൽ, പബ്ലിസിറ്റി കൺവീനർ പ്രിൻസ്പോൾ എന്നിവരും പങ്കെടുത്തു.