അരിമ്പൂർ: ആരും തുണയില്ലാതെ കെട്ടിടത്തിന് താഴെ അവശനായി കിടന്നിരുന്ന വയോധികനെ അരിമ്പൂർ പഞ്ചായത്തും ആരോഗ്യ വിഭാഗവും ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ട സ്വദേശി കോമരത്ത് വീട്ടിൽ നാരായണൻ (80) നെയാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നാളുകളായി കുന്നത്തങ്ങാടിയിലും പരിസരങ്ങളിലും കൂലിവേല ചെയ്തു വന്നിരുന്നയാളാണ് നാരായണൻ. സംസ്ഥാന പാതയിൽ അരിമ്പൂർ പള്ളി സ്റ്റോപ്പിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ താഴെ ദിവസങ്ങളായി നാരായണൻ അവശനിലയിൽ കിടക്കുകയായിരുന്നു. അറിയാവുന്ന ആളുകൾ എത്തിച്ചു നൽകുന്ന ഭക്ഷണം ജീവൻ നിലനിർത്തി.
വിവരമറിഞ്ഞ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കവിത, പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ എന്നിവർ ചേർന്ന് വയോധികൻ്റെ സമീപമെത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്തു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കിടന്ന വയോധികനെ മുടിയും താടിയും വെട്ടിയാണ് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഡി.വൈ.എഫ്.ഐ. അരിമ്പൂർ മേഖല പ്രവർത്തകരായ സായൂജ്, അനന്തകൃഷ്ണൻ, മേഖല പ്രസിഡൻ്റ് ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്.