കാഞ്ഞാണി: വാർഡിൽ നടന്ന പഞ്ചായത്തിൻ്റെ പരിപാടി അറിയിച്ചില്ലെന്ന് ആരോപിച്ച് കസേരയിൽ കയറിനിന്ന് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. തിങ്കളാഴ്ച മണലൂർ പഞ്ചായത്ത് അടിയന്തരമായി വിളിച്ച് ചേർത്ത യോഗത്തിലാണ് പതിനാറാം വാർഡിലെ എൽഡിഎഫ് അംഗമായ സിമി പ്രദിപ് പ്രതിഷേധിച്ചത്. മാലിന്യ വിമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി നവംബർ 1 കേരളപിറവിദിനത്തിൽ നടത്തിയ കണ്ടശ്ശാംകടവ് മാർക്കറ്റ് ഹരിത മാർക്കറ്റ് ആയി പ്രഖ്യാപനം നടത്തുന്നതിൻ്റെ ചടങ്ങിൽ വാർഡ് അംഗത്തിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിഷേധവുമായി ഇവർ രംഗത്ത് വന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു ഉദ്ഘാടകൻ. വ്യാപാരികളും സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെങ്കിലും രാഷ്ട്രീയ പ്രേരിതമായി വാർഡംഗത്തെ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്നാണ് വാർഡ് അംഗം സിമി പ്രദീപിൻ്റെ ആക്ഷേപം ഉന്നയിച്ചത്. വിഷയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
previous post