ചാവക്കാട്: പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് ഷഷ്ഠി മഹോത്സവം വിപുലമായ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ ഗണപതി ഹോമം,മലർ നിവേദ്യം, അയ്യപ്പനും, സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം എന്നിവ നടന്നു.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സന്തോഷ് എമ്പ്രാന്തിരി സഹകാർമികത്വം വഹിച്ചു.ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാഗസ്വരം, ഉച്ചയ്ക്ക് അന്നദാനം, ഉച്ചതിരിഞ്ഞ് മൂന്നിന് മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂക്കാവടി, നാദസ്വരം, സ്വാമി തുള്ളൽ, ഉടുക്ക് പാട്ട്, ശിങ്കാരി, കാവടി എന്നിവയോടെ പൂത്താലം എഴുന്നള്ളിപ്പ് ഉണ്ടായി. വൈകിട്ട് ആറിന് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് ദീപാരാധന, ഭദ്രകാളിക്ക് ഭഗവത് സേവ, വിശേഷാൽ പൂജ എന്നിവയും, രാത്രി 7 മുതൽ തിരുവാതിരക്കളി, ഭക്തർക്ക് അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്ര ഭാരവാഹികളായ രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്, ജനറൽ സെക്രട്ടറി വി. പ്രേംകുമാർ, വൈസ് പ്രസിഡന്റ് വി.എ. സിദ്ധാർത്ഥൻ, ഖജാൻജി സി.കെ.ബാലകൃഷ്ണൻ, സെക്രട്ടറി പി.സി.വേലായുധൻ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.