അരിമ്പൂർ: വെളുത്തൂർ സെൻറ് ജോർജ് പള്ളിയിൽ ഡീക്കൽ റെയ്സൺ തട്ടിലിൻ്റെ തിരുപ്പട്ട ദാന ശുശ്രൂഷ നടന്നു. ചടങ്ങിന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമ്മികനായി. പടിഞ്ഞാറെ കോട്ടയിലെ കാൽവരി ആശ്രമ ദേവാലയത്തിൽ നിന്നും ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയോടെയാണ് മാർ റാഫേൽ തട്ടിലിനെ വെളുത്തൂരിലേക്ക് ആനയിച്ചത്. സെൻറ് ജോർജ് കപ്പേള പരിസരത്ത് നിന്നും ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെയാണ് മാർ റാഫേൽ തട്ടിലിനെ ദേവാലയത്തിലേക്ക് ആനയിച്ചത്. ഡീക്കൽ റെയ്സൺ തട്ടിലിൻ്റെ തിരുപ്പട്ട ദാന ചടങ്ങുകൾ പിതാവിൻ്റെയും സഹോദരൻ്റെയും കൈവെയ്പ് ചടങ്ങുകളോടെയാണ് ആരംഭിച്ചത്. തുടർന്ന് വാഗ്ദാന ചടങ്ങുകൾ നടന്നു.
തിരുപ്പട്ട സ്വീകരണ ചടങ്ങുകളെ തുടർന്ന് ലൗകിഗ ജീവിതത്തിൽ നിന്നും വൈദീകനാകുന്നതിൻ്റെ ഭാഗമായി നവ വൈദികൻ്റെ മുടി മുറിച്ചു. പിന്നീടുള്ള കർമ്മങ്ങൾക്കിടെ ബിഷപ്പ് കൈവെയ്പ്പ് കർമ്മം നടത്തിയതോടെ തിരുപ്പട്ട സ്വീകരണത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങി. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജെയ്സൺ കാളൻ, വികാരി ഫാ. ജസ്റ്റിൻ കൈതാരത്ത് എന്നിവർ സഹ കാർമികരായി. ട്രസ്റ്റിമാരായ ജെയ്സൺ മേനാച്ചേരി, ആൻറണി തറയിൽ, പ്രിൻസ് ചിരിയങ്കണ്ടത്ത്, ജനറൽ കൺവീനർ ലാസർ കുത്തൂർ എന്നിവർ നേതൃത്വം നൽകി.