അന്തിക്കാട്: 140 വർഷം പഴക്കമുള്ള അന്തിക്കാട് മാതൃക പോസ്റ്റ് ഓഫിസ് കെട്ടിടം കേന്ദ്ര സർക്കാർ പുതുക്കി പണിയാത്തത് മൂലം തകർച്ചാഭീഷണിയിലായി. ഏനാമാവ് – പെരിങ്ങോട്ടുകര പ്രദേശത്തെ ആദ്യത്തെ പോസ്റ്റ് ഓഫിസാണ് കേന്ദ്ര അവഗണന നേരിടുന്നത്. ഒരു കാലത്ത് രാജപ്രൗഢിയിൽ നിന്ന പോസ്റ്റ് ഓഫിസിന്റെ നിലവിലെ അവസ്ഥ ഏറെ ശോചനീയമാണ്. കെട്ടിടത്തിൻ്റെ പിൻഭാഗം ഭാഗികമായി തകർന്നത് മൂലം കാട് പിടിച്ച് ജീർണ്ണാവസ്ഥയിലാണ്.
അഞ്ചൽ ആപ്പീസ് കാലഘട്ടം മുതൽ അന്തിക്കാട്, പടിയം, താന്ന്യം, ചാഴൂർ പ്രദേശങ്ങളിലെ തപാൽ ഇടപാടുകളെല്ലാം നടന്നത് ഇവിടെ നിന്നാണ്. ഒരു പോസ്റ്റ്മാസ്റ്റർ, ഒരു ട്രഷറർ, മൂന്ന് ക്ലർക്കുമാർ, മൂന്ന് പോസ്റ്റ് മാൻന്മാർ എന്നിങ്ങനെയുള്ള ജീവനക്കാരുടെ കിടയറ്റ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. പ്രവാസത്തിൻ്റെ വസന്തകാലത്ത് ഈ പോസ്റ്റ് ഓഫിസ് മുഖേന ക്രയവിക്രയം നടന്നത് കോടികണക്കിന് രൂപയാണ്. പോസ്റ്റ് മാസ്റ്റർക്ക് താമസിക്കുന്നതിന് പോസ്റ്റ് ഓഫിസിനോടു ചേർന്ന് ക്വാർട്ടേഴ്സും ഉണ്ടായിരുന്നു.രണ്ട് കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, ബാത്ത് റൂം എന്നി സൗകര്യങ്ങളോ ടെയുള്ളതായിരുന്നു മാസ്റ്ററുടെ താമസസ്ഥലം.നിലവിൽ ഇതെല്ലാം കാലപഴക്കത്താൽ തകർന്ന് പോയി.ഓഫിസിൻ്റെ ഇരു ഗെയ്റ്റുകളും അക്ഷരാർഥത്തിൽ തുരുമ്പെടുത്തുകഴിഞ്ഞു. എത്തുന്നവരെ എതിരേൽക്കുന്ന മുൻവശത്തെ ശോചനീയാവസ്ഥ കെട്ടിടത്തിൻ്റെ കാലപഴക്കം വിളിച്ചോതുന്നുണ്ട്.മഴയിൽ ചോർന്നൊലിച്ച് ഭിത്തികൾ വീണ്ടുകീറിയ നിലയിലാണ്. ക്വാർട്ടേഴ്സിൻ്റെ കാര്യം പറയാതിരിക്കലാണ് ഭേദം. അതിപുരാതനമായ ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയായി ഇത് മാറിയിരിക്കുന്നു.
പഴകി ദ്രവിച്ച ചുമരുകളെ നെടുകെ പിളർത്തി ആൽമരത്തിൻ്റെ വേരുകൾ ചുമരകളിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞു. ഇഴജന്തുക്കളോ മറ്റോ ഈ കെട്ടിടത്തിൽ തമ്പടിച്ചാൽ പോലും ആരും അറിയില്ല. പോസ്റ്റ് ഓഫിസും ക്വാർട്ടേഴ്സും തമ്മിലുള്ള അകലവും തടസവും ഒരേ ഒരു വാതിൽ മാത്രമാണെന്നത് ജീവനക്കാരുടെ സുരക്ഷയെയും ബാധിച്ചേക്കാം. അന്തിക്കാട് സ്വദേശി കുറ്റിപറമ്പിൽ ബാലകൃഷ്ണൻ സൗജന്യമായി നൽകിയ പത്ത് സെൻ്റ് ഭൂമിയിലാണ് പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പത്ത് സെൻ്റിൽ ഒരു പ്രേതാലയം കണക്കെ തകർന്ന് വീഴാറായി നിൽക്കുന്ന ഈ കെട്ടിടത്തെ അറ്റകുറ്റപണികൾ നടത്തിയാലൊന്നും രക്ഷപ്പെടുത്താനാകില്ല.പുതിയ കെട്ടിടം നിർമിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ വേണമെന്നതാണ് നാട്ടുക്കാരും ആവശ്യം. സമീപത്ത് പ്രവർത്തിക്കുന്ന അന്തിക്കാട് പൊലിസ് സ്റ്റേഷൻ, അന്തിക്കാട് സബ് റജിസ്ട്രാർ ഓഫിസ് എന്നിവക്കെല്ലാം കേരള സർക്കാർ പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു.