അന്തിക്കാട്: പടിയം വില്ലേജ് ഓഫീസിനു സമീപം അന്തിക്കാട് പഞ്ചായത്തിൻ്റെ മാലിന്യ സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. മാലിന്യ യൂണിറ്റിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിലാണ് നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ചത്. ജനവാസ കേന്ദ്രമായ പടിയത്ത് ഇത്തരത്തിൽ കേന്ദ്രം സ്ഥാപിക്കുന്നത് പരിസരവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ജനവാസമില്ലാത്ത മറ്റു ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുത്തിരുന്നു. തുടർന്നാണ് പ്രദേശവാസികൾ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്തിന് മാസ് പെറ്റീഷൻ സമർപ്പിച്ചത്.
തുടർന്ന് വിഷയത്തിൽ ഇടപെടാൻ പഞ്ചായത്ത് അധികൃതർ തയാറാകാതെ വന്നതോടെയാണ് നാട്ടുകാർ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം വിളിച്ചു ചേർത്തത്. വിഷയത്തിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം. പടിയം പരിസ്ഥിതി സംരക്ഷണ സമിതി കൺവീനർ പി.കെ.ഭാസ്ക്കരൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗം ലോഹിദാക്ഷൻ പള്ളിയിൽ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ പുള്ളിക്കത്തറ, അയ്യുപ്പണ്ണി മാസ്റ്റർ, ഷാഫി കുട്ടാല, ടി.വി.ഹരിഹരൻ, ടി.ബി.സുശീലൻ, വി.കെ.രാജൻ, പി.എസ്. ബാബു എന്നിവർ സംസാരിച്ചു.