പാടൂർ: കേരള എയ്ഡ്സ് സെല്ലും വെങ്കിടങ്ങ് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി എയ്ഡ്സ് ബോധവൽക്കരണ തെരുവ് നാടകം സംഘടിപ്പിച്ചു. പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കു മുമ്പിലാണ് തെരുവ് നാടകം അരങ്ങേറിയത്. എയ്ഡ്സ്, ലോകത്ത് പടർന്നു പിടിക്കുന്ന ഒരു മാരക രോഗമാണെന്നും അതിനെതിരിൽ യുവസമൂഹം ശക്തമായ മതിൽക്കെട്ടുകൾ തീർക്കണമെന്നും എയ്ഡ്സ് രോഗികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുത് എന്ന സന്ദേശവും തെരുവ് നാടകത്തിലൂടെ വിദ്യാർഥികൾക്ക് നൽകി. എയ്ഡ്സുമായി ബന്ധപ്പെട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ തെരുവു നാടകത്തിലൂടെ പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് പി.എം. സബൂറ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് വി.സി. ബോസ് അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്സിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മിഥുൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ നന്ദി പ്രകടിപ്പിച്ചു.
previous post