കാഞ്ഞാണി: തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം ഈ മാസം 18 മുതൽ 21 വരെ അന്തിക്കാട് വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാനായ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ ,ജനറർ കൺവീനർ വി. ആർ . ഷില്ലി , ട്രഷറർ കൂടിയായ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു, പബ്ലിസിറ്റി കൺവീനർ കെ.കെ. പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്തിക്കാട് ഹൈസ്കൂൾ, കെ.ജി.എം.എൽ.പി.സ്കൂൾ, പുത്തൻ പീടിക ജി.എൽ.പി.സ്കൂൾ, സെന്റ് ആന്റണീസ് സ്കൂൾ, യു.എ.ഇ. ഹാൾ എന്നിവിടങ്ങളിലായി 18 വേദികളിലാണ് മത്സരം നടക്കുക.
ഉപജില്ലയിലെ 116 സ്കൂളുകളിൽ നിന്നായി 6000 ത്തോളം കുട്ടികൾ പങ്കെടുക്കും. 118 ഇനങ്ങളിലാണ് മത്സരം. കലോത്സ വത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മെഡിക്കൽ ,കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായി 13 കമ്മറ്റികൾ രൂപവത്ക്കരിച്ച് പ്രവർത്തനം ആരംഭിച്ചു. 15 ലക്ഷം രൂപയോളം ചിലവ് വരും. 18 ന് രാവിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തിരശീല ഉയരും. സാംസ്കാരിക ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. 18 ന് രാവിലെ 9.30 ന് മന്ത്രി കെ. രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.