പഴുവിൽ: സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫീസായ സി കെ മാധവന്‍ സ്മാരകം അടിച്ചുതകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പ്രാദേശികമായ ഒരു ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ലഹരിമാഫിയയുടെ ആളുകളായ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് വീണ്ടും പ്രദേശത്ത് ക്രമസമാധാനനില തകരുന്ന വിധത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. സമാധാനജീവിതം കാംക്ഷിക്കുന്ന പൊതുസമൂഹത്തിന് ഇത്തരം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ഭൂഷണമല്ല.
ചാഴൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറേ നാളുകളായി ലഹരിമാഫിയ- ഗുണ്ടാ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്നത് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സ്വത്തിനും വീടുകള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതുസംബന്ധിച്ച് പലതവണ സ്ഥലത്തെ പൊലീസ് അധികൃതര്‍ക്ക് പാര്‍ട്ടി പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ ബി ജയപ്രകാശിനെ കടന്നാക്രമിക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടുകയും ചെയ്തവര്‍ തന്നെയാണ് ആ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം പാര്‍ട്ടി ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടത്. ഇതൊന്നും ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ഇത്തരം ക്രിമിനലുകളെ വരുതിയിലാക്കാന്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടാല്‍ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയുടേതായ വഴി നോക്കേണ്ടിവരുമെന്നും കെ.കെ. വത്സരാജ് കൂട്ടിച്ചേര്‍ത്തു. ലഹരിമാഫിയാ-ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കുറുമ്പിലാവ് ലോക്കല്‍ കമ്മറ്റി ഓഫീസും ലോക്കല്‍ സെക്രട്ടറിയുടെ വസതിയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ്. സുനില്‍കുമാര്‍, ചേര്‍പ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകന്‍, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്‍. മുരളീധരന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ.എം. ജയദേവന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സെക്രട്ടറിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.