അന്തിക്കാട്: മന്ത്രിയായ ശേഷം ആദ്യമായി സുരേഷ് ഗോപി സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ വസതിയിലെത്തി. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സന്ദർശനം. വീട്ടിലെത്തിയ അദ്ദേഹം സത്യൻ അന്തിക്കാടിനെ പൊന്നാട അണിയിക്കുകയും ഭാര്യ നിമ്മിക്കും മക്കൾക്കും ഉപഹാരം നൽകുകയും ചെയ്തു. 1 മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച മന്ത്രി പ്രഭാത ഭക്ഷണവും അവിടെയെത്തിയ കർഷക പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷം എറണാകുളത്തേക്ക് മടങ്ങി.
ബിജെ പി നേതാക്കളായ ഇ.പി. ഹരീഷ്, ഗോകുൽ കരിപ്പിള്ളി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ പ്രധാന കോൾപ്പാട ശേഖരമായ അന്തിക്കാട്ട് കഴിഞ്ഞ വർഷം ഏക്കറിൽ 16400 രൂപ നഷ്ടം വന്നതിൻ്റെ കാരണം പരിശോധിക്കുമെന്ന് മന്ത്രി കർഷകരെ അറിയിച്ചു. പാടശേഖരത്തിലെ പ്രമുഖ കർഷകനായ പി.ബി. രാമദാസാണ് ഇതു സംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകിയത്. കേരളത്തിലെ 14 ജില്ലകളിലേക്കും ഫാക്ടം ഫോസ് വളം ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും കർഷകർ മന്ത്രിയോട് പരാതിപ്പെട്ടു. ഇക്കാര്യത്തിലും ഉടൻ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി കർഷക സംഘടന ഭാരവാഹികൾ പറഞ്ഞു.