വാടാനപ്പള്ളി: കുറിവിളിച്ചിട്ടും വട്ടമെത്തിയിട്ടും മാസങ്ങൾ പിന്നിട്ടിട്ടും ഇടപാടുകാർക്ക് പണം തിരിച്ചു കൊടുക്കാതെ മലപ്പുറത്ത് ഹെഡാഫീസുള്ള വാടാനപ്പള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കോടികളുമായി മുങ്ങി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14 ഓളം ബ്രാഞ്ചുകളുള്ള കുറി ഇടപാട് സ്ഥാപനമാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവർ ഇതു സംബന്ധിച്ച് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിലടക്കം വിവിധ സ്റ്റേഷനുകളിലും രജിസ്ട്രാർ ഓഫീസിലും പരാതി നൽകി. മലപ്പുറം കൂരിയാഡ് ഹെഡാഫീസായി പ്രവർത്തിക്കുന്ന കമ്പനിക്ക് വാടാനപ്പള്ളി ചിലങ്ക സെന്റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്പി, വളാഞ്ചേരിയിലടക്കം ബ്രാഞ്ചുകളുണ്ട്. കുറി വിളിച്ച നിരവധി പേർക്ക് എട്ട് മാസത്തിലധികമായിട്ടും പണം തിരിച്ചു കൊടുത്തിട്ടില്ല. നിരവധി കുറികളാണ് കമ്പനി രജിസ്ട്രർ ചെയ്ത് നടത്തിവരുന്നത്. ഒരു കുറിയിൽ തന്നെ രണ്ടും മൂന്നും അഞ്ചും വരെ നറുക്ക് ചേർന്നവരുണ്ട്. കുറി വിളിച്ചവർക്കും വട്ട വെത്തിയവർക്കും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുണ്ട്. മാസകുറിക്കുള്ള തുക ദിവസവും പിരിക്കാൻ സൗകര്യമുള്ളതിനാൽ അധികവും വ്യാപാരികളും കച്ചവടക്കാരുമാണ് കുറിയിൽ ചേർന്നിട്ടുള്ളത് . സ്ത്രീകളും ഏറെയാണ്. 35 പ്രവർത്തി ദിവസം കഴിഞ്ഞാൽ കുറി വിളിച്ചവർക്ക് പണം നൽകുമെന്നാണ് നിബന്ധന. ചെക്ക് അടുത്ത ആഴ്ച വരുമെന്ന് പറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിക്കുകയായിരുന്നു. ബഹളം വെക്കുന്നവർക്ക് ചെക്ക് നൽകിയാൽ ബാങ്കിൽ പണം ഇല്ലാതെ ചെക്ക് മടങ്ങുകയാണ്.
ഇതോടെ ചെക്ക് നൽകി കബളിപ്പിക്കുന്നത് കമ്പനി നിർത്തി. രണ്ട് ആഴ്ച മുമ്പ് പണം കിട്ടാത്ത ഗുരുവായൂർ സ്വദേശി ഓഫീസിൽ വന്ന് ആത്മഹത്യ ഭീഷണി വരെ മുഴക്കിയിരുന്നു. ചെക്ക് മടങ്ങിയതോടെ പിന്നീട് ഇടപാടുകാർക്ക് നോട്ടിസ് നൽകുകയാണ്. ഓരോ വ്യക്തികൾക്കും തിയതി വെച്ച് ആ ദിവസം രാത്രി 8 ന് മുമ്പായി തുകയും എട്ട് ശതമാനം പലിശയും നൽകുവെന്ന് ഉറപ്പു നൽകുന്ന കമ്പനിയുടെ പേരിൽ മാനേജർ ഒപ്പുവെച്ച നോട്ടീസാണ് നൽകിയിട്ടുള്ളത്. എല്ലാവർക്കും അടുത്ത മാസത്തെ തിയതി വെച്ചാണ് നോട്ടിസ് നൽകിയിട്ടുള്ളത്. പണം നഷ്ടപ്പെടില്ലെന്ന മന: സമാധാനത്തിലും തികഞ്ഞ പ്രതീക്ഷയിലും ദിവസം കാത്ത് ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കുറി ഇടപാട് സ്ഥാപനം അടച്ചത്. മൊബൈലും ഓഫാണ്. കളക്ഷൻ ഏജന്റുമാരെ വിളിച്ചപ്പോഴാണ് സ്ഥാപനം അടച്ച വിവരം ഇടപ്പാടുകാർ അറിഞ്ഞത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടവർ പൊലീസിലും തൃശൂർ ചെമ്പൂക്കാവിലെ രജിസ്ട്രാർ ഓഫീസിലും പരാതി നൽകിയത്. ശബളം കിട്ടാതെ ജീവനക്കാരും പരാതി നൽകി. കമ്പനിയുടെ മാനേജിങ് ഡയറക്ടർ നിലമ്പൂർ സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷീർ എന്നിവരാണ് കോടികളുമായി മുങ്ങിയത്. പല കുറികളും 70 ശതമാനത്തിന് ഉടമകൾ തന്നെയാണ് വിളിച്ച് കൊണ്ടുപോയിട്ടുള്ളത്. കുറി വിളി കഴിഞ്ഞാൽ വിളിച്ചവരുടെ പേര് ചോദിച്ചാൽ ജീവനക്കാർ പേര് വെളിപ്പെടുത്താറില്ലെന്ന് ഇടപാടുകാർ പറയുന്നു.